Districts

പ്രഫ. എം വി നാരായണന്‍ കാലടി സംസ്കൃത സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍

കണ്ണൂർ, ഹൈദരാബാദ് സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസർ, യുജിസിയുടെ അഡ്ജൻക്ട് പ്രഫസർ എന്നീ നിലകളിലും പ്രവർത്തിച്ചു.

പ്രഫ. എം വി നാരായണന്‍ കാലടി സംസ്കൃത സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍
X

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പുതിയ വൈസ് ചാസലറായി പ്രഫ. എം വി നാരായണനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ച് ഉത്തരവായി. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറും സ്കൂള്‍ ഓഫ് ലാങ്ഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചുവരവെയാണ് പുതിയ നിയമനം. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഫോറിൻ ലാങ്ഗ്വേജസ് വിഭാഗം ഡീനും അക്കാദമിക് കൗൺസിൽ അംഗവുമാണ്.

കാലിക്കറ്റ് സര്‍വകലാശാലയുടെ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്‍ററിന്റെ ഡയറക്ടര്‍, ഇംഗ്ലീഷ് വിഭാഗം തലവൻ, ജപ്പാനിലെ മിയാസാക്കി ഇന്‍റര്‍നാഷണല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലിറ്റററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ വിഭാഗം പ്രഫസർ, യുഎഇയിലെ യൂനിവേഴ്സിറ്റി ഓഫ് ഷാർജ, യുകെയിലെ യൂനിവേഴ്സിറ്റി ഓഫ് എക്സെറ്റർ, തൃശൂർ സെൻ്റ് തോമസ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിഭാഗം ലക്ചററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൻ്റെ കൊച്ചി എഡിഷനിൽ സബ് എഡിറ്ററായിരുന്നു. കണ്ണൂർ, ഹൈദരാബാദ് സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസർ, യുജിസിയുടെ അഡ്ജൻക്ട് പ്രഫസർ എന്നീ നിലകളിലും പ്രവർത്തിച്ചു.

കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ നേടി. യുകെയിലെ യൂനിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടി. ആസ്ത്രേലിയയിലെ സിഡ്നി സർവകലാശാലയുടേത് ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ ജേർണലുകളുടെ എഡിറ്ററായി പ്രവർത്തിച്ചു.

ബ്രിട്ടീഷ് കോമൺവെൽത്ത് സ്കോളർഷിപ്പ്, കേരള സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ എൻഡോവ്മെൻ്റ് ലിറ്റററി അവാർഡ്, കേരള സർവകലാശാല ഏർപ്പെടുത്തിയിരിക്കുന്ന കെ പി മേനോൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി അറുപതിലധികം ലേഖനങ്ങളും ഏഴ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it