India

സിബിഐ അന്വേഷണം: ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും സുപ്രിംകോടതിയില്‍

ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര സ്റ്റാന്‍ഡിങ് അഭിഭാഷകന്‍ സച്ചിന്‍ പാട്ടീല്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അനില്‍ ദേശ്മുഖിന്റെ അഭിഭാഷകന്‍ സുധാന്‍ഷു എസ് ചൗധരിയും പറഞ്ഞു.

സിബിഐ അന്വേഷണം: ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും സുപ്രിംകോടതിയില്‍
X

മുംബൈ: മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരും മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും സുപ്രിംകോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര സ്റ്റാന്‍ഡിങ് അഭിഭാഷകന്‍ സച്ചിന്‍ പാട്ടീല്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അനില്‍ ദേശ്മുഖിന്റെ അഭിഭാഷകന്‍ സുധാന്‍ഷു എസ് ചൗധരിയും പറഞ്ഞു.

തിങ്കളാഴ്ച സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് ബോബെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനുശേഷം അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മുന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരേ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഒരുസംഘം സിബിഐ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിലെത്തി. 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. 52 പേജുള്ള വിധിന്യായത്തില്‍ സംസ്ഥാന പോലിസിലുള്ള പൗരന്റെ വിശ്വാസത്തെ അപകടത്തിലാക്കിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് പൊതുതാല്‍പര്യ ഹരജികളാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ഒന്ന് മുന്‍ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് നല്‍കിയതാണ്. മറ്റു രണ്ടെണ്ണം അഭിഭാഷകന്‍ ജയശ്രീ പാട്ടിലും പ്രാദേശിക അധ്യാപകന്‍ മോഹന്‍ ഭൈഡെയും സമര്‍പ്പിച്ചതാണ്. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബഞ്ചായിരുന്നു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് അസാധാരണമായതും അഭൂതപൂര്‍വുമായ കേസാണെന്നും അതിനാല്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അറിയിച്ചുകൊണ്ടാണ് സിബിഐയോട് പ്രഥമിക അന്വേഷണ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

മുംബൈയിലെ ബാറുകളില്‍നിന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിമാസം നൂറുകോടി രൂപ പിരിച്ചെടുക്കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുന്‍ മുംബൈ പോലിസ് മേധാവി പരംബീര്‍ സിങ് ആരോപിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. അനില്‍ ദേശ്മുഖിനെതിരേ അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യപ്പെട്ട് പരംബീര്‍ സിങ്ങും ഈ മാസം ആദ്യം ഹൈക്കോടതിയെ സമീപിച്ചു.

ബാറുകളില്‍ നിന്നും റെസ്‌റ്റോറന്റുകളില്‍ നിന്നും 100 കോടി രൂപ പിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസയോട് ദേശ്മുഖ് ആവശ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശ്മുഖ് സച്ചിന്‍ വാസ ഉള്‍പ്പെടെയുള്ള നിരവധി പോലിസ് ഉദ്യോഗസ്ഥരുമായി വസതിയില്‍ യോഗം ചേര്‍ന്നിരുന്നെന്നും പരംബീര്‍ സിങ് ആരോപിച്ചിരുന്നു. മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്തുവുമായി കാര്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് പോലിസ് മേധാവി സ്ഥാനത്തുനിന്ന് പരംബീര്‍ സിങ്ങിനെ ആഭ്യന്തരമന്ത്രി നീക്കുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരേ അഴിമതി ആരോപണമുന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീര്‍ സിങ് കത്തയക്കുന്നത്.

Next Story

RELATED STORIES

Share it