India

ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെടുത്തില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ്; നേരത്തെയുള്ള ആരോപണം വ്യാജം

ജഡ്ജിയുടെ വീട്ടില്‍നിന്ന് പണം കണ്ടെടുത്തില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ്; നേരത്തെയുള്ള ആരോപണം വ്യാജം
X

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുമായി ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഡ്. ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗികവസതിയില്‍ തീപ്പിടിത്തം ഉണ്ടായതിന് പിന്നാലെ, തീകെടുത്താനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത കെട്ടുകണകണക്കിന് പണം കണ്ടെടുത്തത് എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ അത്തരത്തില്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

'മാര്‍ച്ച് 14-ന് രാത്രി 11.35 ഓടെയാണ് ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായെന്ന വാര്‍ത്ത കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു. 11.43-ഓടെ അവ തീപ്പിടിത്തം ഉണ്ടായ സ്ഥലത്തെത്തി. വീട്ടുസാധനങ്ങളും സ്റ്റേഷനറിയും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളില്‍ തീകെടുത്താന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീ കെടുത്തിയ ഉടന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വിവരം പോലിസിനെ അറിയിച്ചു. അതിനുശേഷം അവര്‍ സ്ഥലത്തുനിന്ന് മടങ്ങി. തീകെടുത്തുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ല.' - ഗാര്‍ഗ് പറഞ്ഞു.

പണം കണ്ടെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സുപ്രിംകോടതി കൊളീജിയം ജസ്റ്റിസ് വര്‍മയ്ക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെന്ന വാര്‍ത്തയും അതിനിടെ പുറത്തുവന്നെങ്കിലും സ്ഥലംമാറ്റത്തിന് പണം പിടിച്ചെടുത്തെന്ന ആരോപണവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രീം കോടതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.





Next Story

RELATED STORIES

Share it