India

സാക്കിര്‍ നായിക്കിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇഡി വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചു

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയാണെങ്കില്‍ അംഗരാജ്യങ്ങളെല്ലാം കുറ്റവാളികളെ കൈമാറണമെന്നാണു നിയമം.

സാക്കിര്‍ നായിക്കിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇഡി വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചു
X

ന്യൂഡല്‍ഹി: പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചു. മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ഇന്റര്‍പോളിനെ സമീപിച്ചത്. സാക്കിര്‍ നായിക്കിനെ മലേസ്യയില്‍ നിന്നു വിട്ടുകിട്ടാനും അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇഡി അപേക്ഷ നല്‍കിയിട്ടുള്ളത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയാണെങ്കില്‍ അംഗരാജ്യങ്ങളെല്ലാം കുറ്റവാളികളെ കൈമാറണമെന്നാണു നിയമം. മലേസ്യ ഇന്റര്‍പോളിന്റെ അംഗരാഷ്ട്രമായതിനാല്‍ അവര്‍ക്ക് സാകിര്‍ നായികിനെ ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറേണ്ടി വരും. മാത്രമല്ല, ഇന്ത്യയുമായി കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുള്ള കരാറില്‍ 2010ല്‍ മലേസ്യ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ, അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് സാകിര്‍ നായികിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സാക്കിര്‍ നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്നാണ് കേസ്. ഇതിനുപുറമെ, 50 കോടിയിലേറെ വില വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഈയിടെ കണ്ടുകെട്ടിയിരുന്നു.



Next Story

RELATED STORIES

Share it