India

ഹിമാചല്‍പ്രദേശ് മുന്‍മന്ത്രി ഗുര്‍മുഖ് സിങ് ബാലി അന്തരിച്ചു

ഹിമാചല്‍പ്രദേശ് മുന്‍മന്ത്രി ഗുര്‍മുഖ് സിങ് ബാലി അന്തരിച്ചു
X

ഷിംല: ഹിമാചല്‍പ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിങ് ബാലി (67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. മകന്‍ രഘുബീര്‍ സിങ് ബാലിയാണ് ശനിയാഴ്ച രാവിലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മരണവിവരം അറിയിച്ചത്. ഗുര്‍മുഖ് ബാലിയുടെ മൃതദേഹം ഹിമാചല്‍ പ്രദേശിലേക്ക് കൊണ്ടുവരുമെന്നും പൊതുദര്‍ശനത്തിന് അവസരം നല്‍കും. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും എപ്പോഴും നമ്മുടെ ഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലിയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി അനുശോചനം രേഖപ്പെടുത്തി. 1954 ജൂലൈ 27ന് കാന്‍ഗ്രയിലാണ് ബാലിയുടെ ജനനം. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ ഹോള്‍ഡറായിരുന്നു അദ്ദേഹം. 1998, 2003, 2007, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാല് തവണ നഗ്രോട്ട ബഗ്വാനില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭക്ഷ്യവിതരണ, ഗതാഗത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

1990 മുതല്‍ 1997 വരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് വിചാര്‍ മഞ്ചിന്റെ കണ്‍വീനറായിരുന്നു.1995 മുതല്‍ 1998 വരെ കോണ്‍ഗ്രസ് സേവാദള്‍ പ്രസിഡന്റായും 1993 മുതല്‍ 1998 വരെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജോയിന്റ്് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മൃതദേഹം ശനിയാഴ്ച വൈകീട്ട് ധര്‍മശാലയിലേക്ക് കൊണ്ടുപോവുമെന്നും ഞായറാഴ്ച ചാമുണ്ഡധാമില്‍ സംസ്‌കാരം നടത്തുമെന്നും കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it