India

തന്നെ കൊല്ലാന്‍ ശ്രമിച്ചത് ബിജെപി എംഎല്‍എ തന്നെയാണെന്ന് ഉന്നാവോ പെണ്‍കുട്ടി

എയിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടി ദേശീയ മാധ്യമത്തിന് ടെലഫോണില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 28ന് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശേഷം ആദ്യമായാണ് അവര്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്.

തന്നെ കൊല്ലാന്‍ ശ്രമിച്ചത് ബിജെപി എംഎല്‍എ തന്നെയാണെന്ന് ഉന്നാവോ പെണ്‍കുട്ടി
X

ഡല്‍ഹി: റായ്ബറേലി ഹൈവേയില്‍ നടന്ന വാഹനാപകടത്തിലൂടെ തന്നെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയത് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ തന്നെയാണെന്ന് ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായി പെണ്‍കുട്ടി. എയിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടി ദേശീയ മാധ്യമത്തിന് ടെലഫോണില്‍ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 28ന് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശേഷം ആദ്യമായാണ് അവര്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും അഭിഭാഷകന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തിന് മുമ്പ് ഉന്നാവോ കോടതിയില്‍ നടന്ന വാദംകേള്‍ക്കലിന് ഹാജരാവുമ്പോള്‍ സെന്‍ഗാറിന്റെ കൂട്ടാളിയില്‍ നിന്ന് തനിക്ക് വധഭീഷണി ലഭിച്ചിരുന്നു. ഭീഷണിമുഴക്കിയയാളുടെ മാതാവ് ബലാല്‍സംഗക്കേസില്‍ കൂട്ടുപ്രതിയാണ്.

കോടതിയില്‍ ഗാര്‍ഡുകള്‍ തന്റെ സമീപത്ത് നിന്ന് മാറുമ്പോഴേല്ലാം ഇയാള്‍ അമ്മയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്താന്‍ തന്നെ സമീപിച്ചിരുന്നു. സെന്‍ഗാറില്‍ നിന്നും സഹായികളില്‍ നിന്നുമുള്ള ഭീഷണിയെക്കുറിച്ച് പോലിസിനും സര്‍ക്കാരിനും പല തവണ കത്തുകളെഴുതിയിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. എയിംസില്‍ നിന്ന് ഏതാനും ദിവസം മുമ്പ് മൊഴിയെടുത്തപ്പോള്‍ ഇതേ വിവരങ്ങള്‍ സിബിഐക്കും നല്‍കിയിരുന്നു.

ജൂലൈ 28ന് ഉന്നാവോയില്‍ നിന്ന് റായ് ബറേലി ജയിലിലേക്കു യാത്ര ചെയ്യവേയാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ മുന്‍ എസ്പി നേതാവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ട്രക്ക് ഇടിച്ചത്.

''ട്രക്ക് ഞങ്ങളുടെ നേരെ കുതിച്ചുവരുന്നത് ഞാന്‍ കണ്ടിരുന്നു. മനപൂര്‍വ്വം കാറില്‍ കൊണ്ടുവന്നിടിക്കുകയായിരുന്നു. എന്നെ കൊല്ലാന്‍ സെന്‍ഗാര്‍ ആസൂത്രണം ചെയ്തതാണത്. ജയിലാണെങ്കിലും ഏതറ്റംവരെയും പോകാന്‍ അയാള്‍ക്ക് സാധിക്കും''-അവര്‍ പറഞ്ഞു.

''കാര്‍ ഡ്രൈവ് ചെയ്യുകയായിരുന്ന എന്റെ അഭിഭാഷകന്‍ ട്രക്ക് ഇടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി വെട്ടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതിനു മുമ്പേ തന്നെ ട്രക്ക് ഇടിക്കുകയായിരുന്നു. ഇപ്പോഴും കടുത്ത വേദന ഉണ്ടെന്നും നടക്കാന്‍ സാധ്യമല്ലെന്നും'' അവര്‍ അറിയിച്ചു.

ആശുപത്രിയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ രണ്ടു തവണ എത്തിയിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഒരു തവണ വിവരങ്ങള്‍ കുറിച്ചുകൊണ്ടുപോവുകയും രണ്ടാമത്തെ തവണ വീഡിയോയില്‍ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അപകടം എങ്ങിനെ സംഭവിച്ചു എന്നതിനെക്കുറിച്ചായിരുന്നു ചോദ്യങ്ങളില്‍ ഭൂരിഭാഗവും.

ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട സെന്‍ഗാര്‍ നിലവില്‍ സിബിഐ കസ്റ്റിഡിയിലാണ്.

Next Story

RELATED STORIES

Share it