Sub Lead

കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ 66 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; എല്ലാവരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍

കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ 66 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; എല്ലാവരും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍
X

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡിലുള്ള ഒരു സ്വകാര്യ മെഡിക്കല്‍ കോളജിലെ 66 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റസിഡന്‍ഷ്യല്‍ കോളജായ കര്‍ണാടക ധാര്‍വാഡിലെ എസ്ഡിഎം കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരും രണ്ട് ഡോസ് വാക്‌സിനെടുത്തവരാണ് എന്നതാണ് ശ്രദ്ധേയം. 400 വിദ്യാര്‍ഥികള്‍ കോളജില്‍ പഠിക്കുന്നുണ്ടെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. കോളജിലെ ഒരു പരിപാടിയെത്തുടര്‍ന്ന് 300 വിദ്യാര്‍ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത്രയും പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായത്.

ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ നിതേഷ് പാട്ടീല്‍ അറിയിച്ചു. ജില്ലാ ഹെല്‍ത്ത് ഓഫിസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിര്‍ദേശപ്രകാരം കോളജിലെ രണ്ട് ഹോസ്റ്റലുകളും മുന്‍കരുതല്‍ നടപടിയായി അടച്ചുപൂട്ടിയിട്ടുണ്ട്. ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ 3,000 ഓളം ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാവും. രോഗബാധിതരായ വിദ്യാര്‍ഥികള്‍ക്ക് കോളജ് ഹോസ്റ്റലില്‍തന്നെ ക്വാറന്റൈന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അവര്‍ക്ക് ഹോസ്റ്റലില്‍തന്നെ ചികില്‍സ നല്‍കുമെന്ന് ധാര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതേഷ് പാട്ടീല്‍ പറഞ്ഞു.

ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ വിദ്യാര്‍ഥികളെ ക്വാറന്റൈന്‍ ചെയ്തു. രണ്ട് ഹോസ്റ്റലുകളും സീല്‍ ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ചികില്‍സയും ഭക്ഷണവും നല്‍കും. ആരെയും ഹോസ്റ്റലുകളില്‍നിന്ന് ഇറങ്ങാന്‍ അനുവദിക്കില്ല. ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളെയും അതേ പരിസരത്ത് ക്വാറന്റൈന്‍ ചെയ്യും- നിതേഷ് പാട്ടീല്‍ പറഞ്ഞു. രോഗം കൂടുതല്‍ പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ കോളജില്‍ നടത്തിയ ഒരു പരിപാടിയാണ് കൊവിഡ് അണുബാധ പടരാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളെയും പരിശോധിച്ചു. ഞങ്ങള്‍ പ്രാഥമിക, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ കണ്ടെത്തി. അവരെ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാ വിദ്യാര്‍ഥികള്‍ക്കും രണ്ട് ഡോസ് കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കോളജില്‍നിന്ന് ഇറങ്ങിയോ എന്ന് ഞങ്ങള്‍ പരിശോധിച്ചുവരികയാണ്. രോഗബാധിതരായ ചില വിദ്യാര്‍ഥികള്‍ക്ക് ചുമയും പനിയുമുണ്ടെന്നും മറ്റുള്ളവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളല്ല. കോളജിലെ എല്ലാ മെഡിക്കല്‍ വിഭാഗങ്ങളും ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

........

Next Story

RELATED STORIES

Share it