India

പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗം വസ്തുതകളെ മറച്ചുവച്ചുള്ള രാഷ്ട്രീയഗിമ്മിക്ക്: എളമരം കരിം

മഹാത്മാഗാന്ധിയെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെയും ഉള്‍പ്പടെ പരാമര്‍ശിച്ച് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സമരം ചെയ്യുന്ന ആബാലവൃദ്ധം ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗം വസ്തുതകളെ മറച്ചുവച്ചുള്ള രാഷ്ട്രീയഗിമ്മിക്ക്: എളമരം കരിം
X

ന്യൂഡല്‍ഹി: രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗം വസ്തുതകളെ മറച്ചുവച്ചുള്ള രാഷ്ട്രീയഗിമ്മിക്ക് മാത്രമാണെന്ന് സിപിഎം രാജ്യസഭാ ഉപനേതാവ് എളമരം കരിം. ഇന്ത്യാ വിഭജനകാലത്തെ സാഹചര്യത്തില്‍ അന്നത്തെ ദേശീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പൗരത്വ ഭേദഗതി നിയമത്തെ സാധൂകരിക്കാനുള്ള വൃഥാവ്യായാമമാണ് ഇന്ന് അദ്ദേഹം നടത്തിയത്. മഹാത്മാഗാന്ധിയെയും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെയും ഉള്‍പ്പടെ പരാമര്‍ശിച്ച് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം സമരം ചെയ്യുന്ന ആബാലവൃദ്ധം ജനങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

അതേ രീതിയിലാണ് കേരളത്തെക്കുറിച്ചുള്ള പരാമര്‍ശവും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തിനാകെ മാതൃകയായ കേരളത്തെയും കേരളാ മുഖ്യമന്ത്രിയെയുംപറ്റി അദ്ദേഹം പറഞ്ഞത് തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. തുടക്കം മുതല്‍ യോജിച്ച സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത വ്യക്തിയാണ് കേരള മുഖ്യമന്ത്രി. തുടക്കം മുതല്‍ രാജ്യത്തെ പ്രക്ഷോഭങ്ങളെയെല്ലാം താറടിച്ചുകാണിക്കാന്‍ എല്ലാ രീതിയിലും ശ്രമിച്ച ബിജെപിയും പ്രധാനമന്ത്രിയും ഇപ്പോള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉദ്ധരിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഒന്നടങ്കം ഇന്ന് വാക്ക് ഔട്ട് നടത്തിയതെന്ന് എളമരം കരിം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it