Kerala

മാളയിലെ യുവ വ്യാപാരിയെ തലക്കടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ്‌ കേസെടുത്തു

സുഹൃത്തുമായി സ്ഥാപനത്തിന് പുറത്ത് നിന്നും സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ ഇടത് കാലിന് അടിയേല്‍ക്കുകയും എല്ലിന് പൊട്ടലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മാളയിലെ യുവ വ്യാപാരിയെ തലക്കടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലിസ്‌ കേസെടുത്തു
X

മാള(തൃശൂര്‍): മാളയിലെ യുവ വ്യാപാരിയെ തലക്കടിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൊമ്പൊടിഞ്ഞാമാക്കല്‍ സ്വദേശിയായ മൂത്തേടത്ത് സുബി(50) നെതിരേ മാള പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാളയിലെ വ്യാപാരികളുടെ പരാതിയില്‍ 294 (ബി), 506, 326, 308 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പി കെ ഇലട്രിക്കല്‍സ് ഉടമ വടമ പൂവ്വത്തും കടവില്‍ മനാഫിന് (40) നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്.

സുഹൃത്തുമായി സ്ഥാപനത്തിന് പുറത്ത് നിന്നും സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. കമ്പിവടി കൊണ്ടുള്ള ആക്രമണത്തില്‍ ഇടത് കാലിന് അടിയേല്‍ക്കുകയും എല്ലിന് പൊട്ടലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയിരിക്കയാണ് മനാഫ്. തന്നെ അകാരണമായാണ് ക്രൂരമായി ആക്രമിക്കുകയായിരുന്നൂവെന്ന് വ്യാപാരി പറയുന്നു.

ഇതിന് മുന്‍പും മനാഫിന് നേരെ ഇയാളില്‍ നിന്ന് ആക്രമണം നേരിട്ടിരുന്നതായി പരാതിയുണ്ട്. ഇതേതുടര്‍ന്ന് പലയാവര്‍ത്തി മാള പോലിസില്‍ പരാതി നല്‍കിയെങ്കിലും അക്രമി മനോരോഗിയാണെന്ന് പറഞ്ഞ് പോലിസ് ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ലെന്ന് മനാഫ് പറയുന്നു. സംഭവത്തില്‍ മൂത്തേടത്ത് സുബിന്‍ എന്നയാള്‍ക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂനിറ്റ് പരാതി നല്‍കിയിരുന്നു. പ്രതിയുടെ പേരില്‍ ഒന്നിലധികം കേസുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിലവിലുണ്ട്. കഴിഞ്ഞ ദിവസം മാളയിലെ ബാറില്‍ കളിത്തോക്കുമായെത്തിയ ഇയാള്‍ അവിടെ ഉണ്ടായിരുന്നവരെ ഭയപ്പെടുത്തിയിരുന്നു.



Next Story

RELATED STORIES

Share it