Kerala

അംഗീകാരമില്ലാത്ത ജയിന്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയുടെ പേരില്‍ പത്രങ്ങളില്‍ പരസ്യകാമ്പയിന്‍; സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്ന് കെഎസ്‌യു

കഴിഞ്ഞമാസം 20നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ റ്റൈറ്റസ് യൂനിവേഴ്‌സിറ്റിക്കെതിരേ നടപടിയാവശ്യപ്പെട്ട് യുജിസിക്ക് കത്ത് നല്‍കിയത്.

അംഗീകാരമില്ലാത്ത ജയിന്‍ ഡീംഡ് യൂനിവേഴ്‌സിറ്റിയുടെ പേരില്‍ പത്രങ്ങളില്‍ പരസ്യകാമ്പയിന്‍; സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്ന് കെഎസ്‌യു
X

കോഴിക്കോട്: അംഗീകാരമില്ലെന്ന് സംസ്ഥാന സര്‍ക്കാരും യുജിസിയും വ്യക്തമാക്കിയ കൊച്ചിയിലെ ജയിന്‍ ഡീംഡ്-ടു-ബി യൂനിവേഴ്സിറ്റിയുടെ പേരില്‍ പത്രമാധ്യമങ്ങളില്‍ പരസ്യകാമ്പയിന്‍. കോഴ്‌സുകള്‍ സംബന്ധിച്ചും അഡ്മിഷന്‍ പ്രക്രിയയുടെ ഭാഗമായുള്ള എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ചുമുള്ള അറിയിപ്പുമായി തിങ്കളാഴ്ചയാണ് ജയിന്‍ യൂനിവേഴ്‌സിറ്റിയുടെ പരസ്യം കേരളത്തിലെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജില്‍ അച്ചടിച്ചുവന്നത്. ജയിന്‍ ഡീംഡ്-ടു-ബി- യൂനിവേഴ്സിറ്റിക്ക് കൊച്ചിയില്‍ ഓഫ് കാംപസ് തുടങ്ങാന്‍ യുജിസി അനുമതി നല്‍കിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാവരുതെന്നും വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസവകുപ്പാണ് പബ്ലിക് റിലേഷന്‍ വകുപ്പ് വഴി 2019 നവംബര്‍ 23ന് വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നത്.


കൊച്ചിയില്‍ ഓഫ് കാംപസിന് അനുമതി നല്‍കിയിട്ടില്ലെന്നും അവിടെ നടത്തുന്ന കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും യുജിസി അറിയിച്ചിട്ടുണ്ട്. ജയിന്‍ യൂനിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് കാംപസിന് യാതൊരു നിയമസാധുതയുമില്ല. കൊച്ചി കാംപസില്‍ പഠിച്ചവര്‍ക്ക് നല്‍കുന്ന ബിരുദവും സാധുവല്ലെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നതാണ്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ കാംപസിന്റെ പ്രവര്‍ത്തനം തുടരുന്നതിനെതിരേ വീണ്ടും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുണ്ടായി. കഴിഞ്ഞമാസം 20നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ റ്റൈറ്റസ് യൂനിവേഴ്‌സിറ്റിക്കെതിരേ നടപടിയാവശ്യപ്പെട്ട് യുജിസിക്ക് കത്ത് നല്‍കിയത്.

സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയശേഷവും മാധ്യമങ്ങളില്‍ വലിയ പരസ്യം നല്‍കിയ വിദ്യാര്‍ഥികളെ വഞ്ചിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസിക്ക് വീണ്ടും കത്തയച്ചത്. കൊച്ചിയില്‍ കാംപസ് പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരുവിധ അനുമതിയും നല്‍കിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് 2017 ലെ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നുമാണ് യുജിസിയോട് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് യുജിസിയില്‍നിന്ന് മറുപടി ലഭിക്കുന്നതിന് മുമ്പാണ് വീണ്ടും പരസ്യകാമ്പയിനുമായി യൂനിവേഴ്‌സിറ്റി രംഗത്തെത്തിയിരിക്കുന്നത്.


കൊച്ചിയിലെ ജയിന്‍ ഡീംഡ്-ടു-ബി യൂനിവേഴ്‌സിറ്റിക്ക് ഇതുവരെ യുജിസിയുടെ അംഗീകാരം ലഭ്യമായതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ആര്‍ വിജയകുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. സ്ഥാപനത്തിനെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞമാസം 20ന് യുജിസിക്ക് കത്തയച്ചിട്ടുണ്ട്. അതിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഡീംഡ് യൂനിവേഴ്‌സിറ്റിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ അധികാരമില്ല. യുജിസിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വീണ്ടും പത്രങ്ങളില്‍ പരസ്യം നല്‍കിയ പശ്ചാത്തലത്തില്‍ യുജിസിയുമായി ബന്ധപ്പെടുന്നകാര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം, അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റിയുടെ പേരില്‍ പത്രങ്ങളില്‍ പരസ്യം അച്ചടിച്ചുവന്ന സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കയില്‍ സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കേരളത്തിലെ പ്രമുഖ പത്രമാധ്യമങ്ങളിലുള്‍പ്പെടെ അച്ചടിച്ചുവന്നിരിക്കുന്ന 'ജയിന്‍ യൂനിവേഴ്‌സിറ്റി'യുടെ പരസ്യത്തിനുശേഷം ഒരുപാട് വിദ്യാര്‍ഥികളടക്കം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.


ഈ സ്ഥാപനത്തിന് അനുമതിയില്ലെന്ന് പിആര്‍ഡി ഉള്‍പ്പെടെ മുമ്പ് സൂചിപ്പിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍നിന്നും യൂനിവേഴ്‌സിറ്റിക്കെതിരേ നിലപാടുകള്‍ സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുപോവാന്‍ സ്വകാര്യ യൂനിവേഴ്‌സിറ്റി നടത്തിപ്പുകാര്‍ക്ക് ധൈര്യം നല്‍കുന്നത് ആരാണ്. ജയിന്‍ യൂനിവേഴ്‌സിറ്റി ഓഫ് കാംപസ് നിയമാനുസൃതമോ, വ്യാജനോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും കെഎസ്‌യു ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it