Kerala

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ചു; ശബരിമല ഉയര്‍ത്തിക്കാട്ടി ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വ്യാപക പ്രചരണം

അയ്യപ്പന്റെ ചിത്രം പതിച്ച ലഘുലേഖകളുമായി തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി നടത്തുന്ന വിദ്വേഷ പ്രചരണം തടയാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാറും സെക്രട്ടറി അഡ്വ.ജി ആര്‍ അനിലും പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ചു; ശബരിമല ഉയര്‍ത്തിക്കാട്ടി ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ വ്യാപക പ്രചരണം
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ മറികടന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശബരിമലയുടേയും അയ്യപ്പന്റേയും ചിത്രം പതിച്ചതും ലഘുലേഖകളും പോസ്റ്ററുകളും വ്യാപകമായി ഉപയോഗിക്കുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ശബരിമലയെ ഉപയോഗിച്ച് പ്രചരണം നടക്കുന്നത്. ശബരിമലയുടെ ചിത്രങ്ങളോ നിലയ്ക്കലെ പോലിസ് നടപടിയോ പ്രചരണത്തിനു ഉപയോഗിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍, കോണ്‍ഗ്രസിന്റെ പേരില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമായി പതിച്ച പോസ്റ്ററുകളില്‍ ശബരിമലയുടെയും നിലയ്ക്കലെ പോലിസ് ലാത്തിച്ചാര്‍ജിന്റേയും ചിത്രം സഹിതം വോട്ടുചോദിക്കുന്നു. ശബരിമലയെ കലാപഭൂമി ആക്കിയവര്‍ക്കെതിരെ പ്രതിഷേധ വോട്ടു ചെയ്യാനാണ് ആഹ്വാനം. ശബരിമല പ്രചരണ വിഷയമാക്കരുതെന്ന നിര്‍ദേശം അനുസരിക്കില്ലെന്നു കോണ്‍ഗ്രസും ബിജെപിയും പ്രഖ്യാപിച്ചിരുന്നു.


ശബരിമല കര്‍മസമിതി വ്യാപകമായി ശബരിമല വിഷയം ഉള്‍പ്പെടുത്തിയുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനെതിരേ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും ഫലം കണ്ടിട്ടില്ല. പാങ്ങോട് ശാസ്താനഗറില്‍ മതിലില്‍ വ്യാപകമായി ഇന്നലെ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. അയ്യപ്പന്റെ ചിത്രം പതിച്ച ലഘുലേഖകളുമായി തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി നടത്തുന്ന വിദ്വേഷ പ്രചരണം തടയാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം വിജയകുമാറും സെക്രട്ടറി അഡ്വ.ജി ആര്‍ അനിലും പറഞ്ഞു.

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെ വസ്തുതാവിരുദ്ധമായി പ്രചരിപ്പിക്കുന്ന ലഘുലേഖയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. മതചിഹ്നങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം കാറ്റില്‍പ്പറത്തി നടത്തുന്ന ഈ പ്രചരണം തടയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ദിവസങ്ങള്‍ക്കു മുമ്പുതന്നെ ഇലക്ഷന്‍ കമ്മിഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീടുകളില്‍ വ്യാപകമായി ഈ ലഘുലേഖ വിതരണം ചെയ്തു. ഈ വിഷയം വീണ്ടും ജില്ലാ വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ലഘുലേഖ തയ്യാറാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എം വിജയകുമാറും ജി ആര്‍ അനിലും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it