Kerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ 164 പേർക്ക് രോഗം സ്ഥിരീകരിച്ചു

വരും ദിവസങ്ങളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രമുള്ള 975 അന്തേവാസികൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ 164 പേർക്ക് രോഗം സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: ആൻ്റിജൻ പരിശോധനയിൽ പൂജപ്പുര സെൻട്രൽ ജയിലിലെ 63 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ ജയിലിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. കഴിഞ്ഞ ദിവസം 99 പേരിൽ പരിശോധന നടത്തിയപ്പോൾ 59 പേർക്കും ഇന്നലെ 100 പേരിൽ പരിശോധന നടത്തിയപ്പോൾ 42 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് 163 പേരെ പരിശോധിച്ചതിലാണ് 63 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

വരും ദിവസങ്ങളിൽ പൂജപ്പുര സെൻട്രൽ ജയിലിൽ മാത്രമുള്ള 975 അന്തേവാസികൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഇതിനോടൊപ്പം തന്നെ ജയിലിലെ മറ്റ് ഉദ്യോഗസ്ഥർക്കും പരിശോധന നടത്താൻ തീരുമാനമായിട്ടുണ്ട്.

മൂന്നു ദിവസമായി ജയിലിൽ ആൻ്റിജൻ പരിശോധന നടത്തിവരികയാണ്. കുറ്റവാളികൾക്ക് പുറമേ ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ജയിലിൽ നിന്നു തന്നെ ജയിൽ ആസ്ഥാനത്ത് ശുചീകരണത്തിന് വന്ന രണ്ട് അന്തേവാസികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജയിൽ ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ജയിൽ ഡിജിപി ഉത്തരവിട്ടത്.

പുതുതായി ജയിലിലേക്ക് കൊണ്ടുവരുന്ന പ്രതികളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി കൊവിഡ് പരിശോധന നടത്തിയ ശേഷം മാത്രമായിരുന്നു ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. അതിനാൽ ജയിലിനുള്ളിൽ രോഗം പടരാനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ അന്തേവാസികളിൽ ഒരാൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും പരിശോധന നടത്താൻ തീരുമാനമായത്.

Next Story

RELATED STORIES

Share it