Kerala

ലോക്ക് ഡൗണ്‍ ലംഘനം; പിടിച്ചെടുത്ത വാഹനങ്ങള്‍ ബോണ്ട് വാങ്ങി വിട്ടു നല്‍കാമെന്ന് ഹൈക്കോടതി

വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ അടുത്ത ഘട്ടത്തില്‍ വിട്ടുകൊടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ആയിരം രൂപ ബോണ്ടായി നല്‍കണം. കാറുകള്‍ക്ക് 2000 രൂപയും മിനി ലോറികള്‍ ഉള്‍പ്പടെയുള്ള ഇടത്തരം ഭാരവാഹനങ്ങള്‍ക്ക് 4000 രൂപയും ബോണ്ട് ഈടാക്കാം. വലിയ വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിന് 5000 രൂപയുമാണ് ബോണ്ട്

ലോക്ക് ഡൗണ്‍ ലംഘനം; പിടിച്ചെടുത്ത വാഹനങ്ങള്‍ ബോണ്ട് വാങ്ങി വിട്ടു നല്‍കാമെന്ന് ഹൈക്കോടതി
X

കൊച്ചി: കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ ലംഘിച്ച് അനധികൃതമായി നിരത്തിലിറക്കിയതിനെതുടര്‍ന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍ ബോണ്ട് വാങ്ങി വിട്ടുകൊടുക്കാന്‍ ഹൈക്കോടതി കേരള പോലിസിന് നിര്‍ദ്ദേശം നല്‍കി. വിട്ടുകൊടുക്കുന്ന വാഹനങ്ങള്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ അടുത്ത ഘട്ടത്തില്‍ വിട്ടുകൊടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതികള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പോലിസ് സ്റ്റേഷനുകളിലും പരിസരങ്ങളിലുമായി കൂട്ടിയിട്ട നിലയിലായിരുന്നു. ഇതേതുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി വണ്ടികള്‍ വിട്ടുനല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

പോലിസ് സ്റ്റേഷനില്‍ ബോണ്ട് വെച്ച ശേഷം വണ്ടികള്‍ വിട്ടുകൊടുക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ആയിരം രൂപ ബോണ്ടായി നല്‍കണം. കാറുകള്‍ക്ക് 2000 രൂപയും മിനി ലോറികള്‍ ഉള്‍പ്പടെയുള്ള ഇടത്തരം ഭാരവാഹനങ്ങള്‍ക്ക് 4000 രൂപയും ബോണ്ട് ഈടാക്കാം. വലിയ വാഹനങ്ങള്‍ വിട്ടു നല്‍കുന്നതിന് 5000 രൂപയുമാണ് ബോണ്ട്്. വാഹനം ഏറ്റുവാങ്ങുമ്പോള്‍ വാഹനം ഓടിച്ചിരുന്ന ആളുടെ ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പ് ഉടമയില്‍ നിന്നും സ്വീകരിച്ച് അതാത് പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കോടതി നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും വാഹനം ഹാജരാക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഉടമകള്‍ സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it