Kerala

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിവസം; ഇനിയുള്ള നാളുകൾ പ്രധാനമെന്ന് മുഖ്യമന്ത്രി

റിയാദില്‍ നിന്ന് 149 പ്രവാസികളുമായി ഇന്ന് പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണ്ണാടക തമിഴ്‌നാട് സ്വദേശികളായ പത്ത് പേരും ഇതിലുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിവസം; ഇനിയുള്ള നാളുകൾ പ്രധാനമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറാം ദിവസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 30നു വിദേശത്തുനിന്നു കേരളത്തില്‍ വന്ന വിദ്യാര്‍ത്ഥിക്കാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. തുടക്കഘട്ടത്തില്‍ തന്നെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നില്ല എന്നുറപ്പു വരുത്താന്‍ നമുക്കു സാധിച്ചു. മാര്‍ച്ച് ആദ്യ വാരമാണ് കേരളത്തില്‍ കൊവിഡിന്‍റെ രണ്ടാമത്തെ വരവുണ്ടാകുന്നത്. രണ്ടു മാസങ്ങള്‍ക്കിപ്പുറം ആ രോഗത്തിന്‍റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞു എന്നുതന്നെ പറയാം. കര്‍വ്വ് ഫ്ളാറ്റന്‍ ചെയ്തു എന്നര്‍ത്ഥം.

നൂറു ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്‍റെ നിരക്ക് ലോകത്തെതന്നെ ഏറ്റവും മികച്ചതായിരിക്കുന്നതുമായ ഈ ഘട്ടത്തില്‍ കേരളത്തിനു പുറത്തുനിന്നും ഇന്ത്യക്കു വെളിയില്‍നിന്നുമുള്ള നമ്മുടെ പ്രവാസി സഹോദരങ്ങളെ നാം സ്വന്തം നാട്ടിലേക്ക് സ്വീകരിക്കുകയാണ്. അവരെ പരിചരിക്കുന്നതിനുവേണ്ട എല്ലാ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ട്.

ഒരു മൂന്നാം വരവ് ഉണ്ടാകാതെ നോക്കാന്‍ എല്ലാം ചെയ്യുകയാണ്. ഉണ്ടായാല്‍ തന്നെ അതിനെ നേരിടാനും അതിജീവിക്കാനും നാം എല്ലാ അര്‍ത്ഥത്തിലും സജ്ജമാണ്. ഇതുവരെയുണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തില്‍ നിന്നു വര്‍ദ്ധിച്ച തോതില്‍ ഉണ്ടാവേണ്ട ഘട്ടമാണിത്.

ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 177 പേര്‍ മുതിര്‍ന്നവരും അഞ്ച് പേര്‍ കുട്ടികളുമായിരുന്നു. റിയാദില്‍ നിന്ന് 149 പ്രവാസികളുമായി ഇന്ന് പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണ്ണാടക തമിഴ്‌നാട് സ്വദേശികളായ പത്ത് പേരും ഇതിലുണ്ട്. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ്. അടിയന്തര ചികിത്സയ്ക്ക് എത്തുന്ന അഞ്ച് പേരും 70 ലേറെ പ്രായമുള്ള മൂന്ന് പേരുമുണ്ട്.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി അഭിനന്ദനം അറിയിച്ചു. ഇന്നലെ 181 പ്രവാസികളുമായി അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയിലെത്തി. ഇവരില്‍ നാല് കൈക്കുഞ്ഞുങ്ങളും 49 ഗര്‍ഭിണികളും ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ അഞ്ച് പേരെ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തില്‍ നിന്ന് വര്‍ധിച്ച തോതില്‍ ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങള്‍ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ വലിയ തോതില്‍ വിജയിച്ചു. അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകള്‍ പ്രധാനം. കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു

Next Story

RELATED STORIES

Share it