Kerala

കൊവിഡ്: എറണാകുളത്ത് രോഗബാധിതരില്‍ 60 ന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രം

ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളില്‍ 60.8% പേരും പുരുഷന്മാര്‍.ആകെയുള്ള രോഗികളില്‍ 22.77% പേര്‍ 21-31 വയസിനിടയില്‍ പ്രായമുള്ളവര്‍. 31-41 വയസിനിടയിലുള്ള 18.89% പേര്‍ പോസിറ്റീവ് ആയി. 100 പരിശോധനകളില്‍ 8.24 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നു

കൊവിഡ്: എറണാകുളത്ത് രോഗബാധിതരില്‍ 60 ന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രം
X

കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് ബാധിതരില്‍ 60 ന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. റിവേഴ്സ് ക്വാറന്റൈന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ നേട്ടമായാണ് ഇത് കണക്കാക്കുന്നത്. ഇതില്‍ തന്നെ ഭൂരിപക്ഷം പേരും 70 വയസില്‍ താഴെ പ്രായമുള്ളവരാണ്(ആകെ രോഗികളില്‍ 7% പേര്‍ ).ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളില്‍ 60.8% പേരും പുരുഷന്മാരാണ്. ആകെയുള്ള രോഗികളില്‍ 22.77% പേര്‍ 21-31 വയസിനിടയില്‍ പ്രായമുള്ള ആളുകളാണ്. 31-41 വയസിനിടയിലുള്ള 18.89% പേര്‍ പോസിറ്റീവ് ആയി.കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിച്ചതിന്റെ ഫലമായി 100 പരിശോധനകളില്‍ 8.24 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നതായും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.

രോഗലക്ഷണമുള്ളവര്‍ വീട്ടിലിരിക്കുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പോസിറ്റിവിറ്റി നിരക്ക് 8.24 ആയത്.ജില്ലയില്‍ ഇതുവരെ 141000 സാമ്പിളുകള്‍ ആണ് പരിശോധനക്ക് വിധേയമാക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ലാബുകളിലായാണ് ഈ പരിശോധന നടത്തിയിട്ടുള്ളത്. ശരാശരി 3500 സാമ്പിളുകള്‍ ജില്ലയില്‍ പ്രതിദിനം പരിശോധനക്ക് വിധേയമാക്കുന്നു. ഇതില്‍ 1300ഓളം സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളില്‍ ആണ് പരിശോധിക്കുന്നത്. ഓണക്കാലത്തിന് ശേഷം രോഗ വ്യാപനം ശക്തമാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശക്തമായ പ്രതിരോധ നടപടികള്‍ ആണ് എറണാകുളം ജില്ലയില്‍ സ്വീകരിക്കുന്നത്. രോഗ ലക്ഷണം ഉള്ള എല്ലാവര്‍ക്കും സെല്‍ഫ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുകയും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുന്നുണ്ട്. ജില്ലാ ഭരണ കൂടത്തിന് കീഴില്‍ ജില്ലാ സര്‍വെയ്ലന്‍സ് യൂനിറ്റ് ആണ് കൊവിഡ് സംബന്ധിച്ച നിരീക്ഷണങ്ങള്‍ നടത്തുന്നത്. വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വെയ്ലന്‍സ് വിഭാഗം ഓരോ മാസത്തിലും പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് മാര്‍ഗനിര്‍ദ്ദേശം

ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ ഭാഗമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇതരസംസ്ഥാന തൊഴിലാളികളെയും വിദഗ്ധ തൊഴിലാളികളെയും എത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ എസ് സുഹാസ്മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലയില്‍ എത്തുന്നവര്‍ ക്വാറന്റീന്‍, രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ജില്ലയില്‍ എത്തുന്ന ഇതരസംസ്ഥാന, വിദഗ്ധ തൊഴിലാളികള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇതിനാവശ്യമായ സൗകര്യം തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ ഏര്‍പ്പെടുത്തണം.കൊവിഡ് പരിശോധന നടത്താതെ ജില്ലയിലെത്തുന്നവര്‍ അഞ്ചാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം.

സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്ക് താമസിക്കുന്നതിന് സുരക്ഷിതമായ സ്ഥലം കരാറുകാര്‍ ഒരുക്കണം. തൊഴിലാളികള്‍ ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ജില്ലയിലേക്ക് എത്തണമെന്ന് പൊതുവായി നിര്‍ദ്ദേശിക്കും. രോഗലക്ഷണം ഉള്ളവരെക്കുറിച്ച് കരാറുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം.കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് തെളിയുന്ന തൊഴിലാളികള്‍ ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിച്ച് തൊഴിലിടത്തില്‍ തന്നെ കഴിയണം. സ്വന്തം നിലയില്‍ വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ നേരത്തെ പുറപ്പെടുവിച്ച ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം.

ഇപ്പോള്‍ ജില്ലയില്‍ നിര്‍വഹണ ഘട്ടത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന തൊഴിലാളികള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.ജില്ലയിലേക്ക് എത്തുന്ന ഇതര സംസ്ഥാന, വിദഗ്ധ തൊഴിലാളികള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. കരാറുകാര്‍ മുഖേനയല്ലാതെ സ്വന്തം നിലയില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഉണ്ടായിരിക്കണം. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യം വിലയിരുത്തി പാസ് നല്‍കുമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it