Kerala

മുട്ടമ്പലത്ത് സംസ്‌കാരം തടഞ്ഞ സംഭവം: മരിച്ചവരോടുള്ള അനാദരവ് സംസ്‌കാരത്തിന് നിരക്കാത്തത്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

മൃതദേഹത്തില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് കൊവിഡ് പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുട്ടമ്പലത്ത് സംസ്‌കാരം തടഞ്ഞ സംഭവം: മരിച്ചവരോടുള്ള അനാദരവ് സംസ്‌കാരത്തിന് നിരക്കാത്തത്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്‌കരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തില്‍ തടഞ്ഞതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മരിച്ചവരോടുള്ള അനാദരവ് നമ്മുടെ സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മൃതദേഹത്തില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് കൊവിഡ് പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കാരം തടയാന്‍ കൂട്ടം കൂടുന്നതാണ് അപകടകരം. സംസ്‌കാരം തടയാന്‍ ജനപ്രതിനിധി കൂടി ഉണ്ടായത് അപമാനകരമാണ്. കേസില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കോട്ടയം നഗരസഭയിലെ മുട്ടമ്പലം വൈദ്യുതി ശ്മാശനത്തില്‍ സംസ്‌കരിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് ബിജെപി കൗണ്‍സിലര്‍ ഹരികുമാര്‍ പ്രദേശവാസികളെ ഇളക്കിവിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാവുന്ന പുകയില്‍നിന്ന് കൊവിഡ് പകരുമെന്ന് പറഞ്ഞായിരുന്നു കൗണ്‍സിലര്‍ രംഗത്തെത്തിയത്.

സംസ്‌കാര നടപടികള്‍ക്കായെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് തന്റെ വീട്ടില്‍ കൊണ്ടുപോയി ആക്രോശിക്കുന്ന കൗണ്‍സിലറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. പിന്നീട് വന്‍ പോലിസ് സന്നാഹത്തോടെ ഞായറാഴ്ച രാത്രി 11ന് മുട്ടമ്പലത്തുതന്നെ സംസ്‌കരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it