Kerala

കൊവിഡ് വ്യാപനം: ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം

അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷന്‍കടകളും മാത്രമായിരിക്കും ഈ മേഖലയില്‍ വ്യാപാരസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുക. ഇവയുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും.

കൊവിഡ് വ്യാപനം: ഏറ്റുമാനൂര്‍ മേഖലയില്‍ പുതിയ ക്ലസ്റ്റര്‍; കര്‍ശന നിയന്ത്രണം, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം
X

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലുപഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കൊവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ കലക്ടര്‍ എം അഞ്ജന ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുനിസിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ 4,27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍ അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചേര്‍ന്നതാണ് ക്ലസ്റ്റര്‍. ഇതോടെ ജില്ലയില്‍ ആകെ അഞ്ചുകൊവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകള്‍. തിങ്കളാഴ്ച നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയിലാണ് 33 പേര്‍ക്ക് മാര്‍ക്കറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 50 പേരെ പരിശോധിച്ചപ്പോള്‍ 33 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയതാണ് ആശങ്കയ്ക്കിടയാക്കുന്നത്.


അവശ്യവസ്തുക്കളുടെ വിതരണത്തിനുള്ള കടകളും റേഷന്‍കടകളും മാത്രമായിരിക്കും ഈ മേഖലയില്‍ വ്യാപാരസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുക. ഇവയുടെ പ്രവര്‍ത്തനം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും. അവശ്യവസ്തുക്കളും വിതരണത്തിനുള്ള കടകല്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധപ്പെടുത്തേണ്ടതും നമ്പരുകളില്‍ വിളിച്ചോ വാട്‌സ് ആപ്പ് മുഖാന്തരമോ മുന്‍കൂറായി നല്‍കുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങള്‍ എടുത്തുവച്ച് ഓണ്‍ലൈനായോ നേരിട്ടോ നിശ്ചിതസമയത്ത് ഉപഭോക്താക്കള്‍ വാങ്ങണം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പാഴ്‌സല്‍ സര്‍വീസ് അനുവദിച്ചു.

വൈകീട്ട് 7 മുതല്‍ രാത്രി 10 വരെ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. രാത്രി 7 മുതല്‍ രാവിലെ 7 വരെ യാത്രകള്‍ അനുവദിക്കില്ല. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്ക് മാത്രം ഇളവ് അനുവദിക്കും. മരണാന്തര, വിവാഹ ചടങ്ങുകള്‍ക്ക് 20 പേരില്‍ കൂടുതല്‍ പാടില്ല. മറ്റ് യാതൊരു ചടങ്ങുകളും പാടില്ല. പ്രദേശങ്ങളില്‍ പോലിസ്, ഇന്‍സിഡന്റ് കമാന്‍ഡര്‍, ആരോഗ്യവകുപ്പ്, തദ്ദേശഭരണ വകുപ്പ് എന്നിവരുടെ നിരീക്ഷണം ശക്തമാക്കണം. ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും ജില്ലാ ഭരണകൂടം ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it