Kerala

കൊവിഡ് വ്യാപനം: ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു.

കൊവിഡ് വ്യാപനം: ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
X

ഇടുക്കി: കൊവിഡ് വ്യാപനം വര്‍ധിച്ച രാജാക്കാട് പഞ്ചായത്തിലെ ആറുവാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒന്നുമുതല്‍ ആറുവരെ വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ആശുപത്രികള്‍, പാചകവാതകം, പെട്രോള്‍ ബങ്കുകള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ രാവിലെ ആറുമുതല്‍ ഏഴുദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ദീര്‍ഘദൂരവാഹനങ്ങള്‍ ഒരുകാരണവശാലും ഈ സ്ഥലപരിധികളില്‍ നിര്‍ത്താന്‍ പാടില്ല.

പഞ്ചായത്തിലെ മറ്റു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായിരിക്കും. രാജാക്കാട്, കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തുകള്‍ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരിക്കും. ഇതുകൂടാതെ ജില്ലയിലെ 16 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു. പഞ്ചായത്തുകള്‍, വാര്‍ഡുകള്‍: കരുണാപുരം 14, വാത്തിക്കുടി 11, 14, രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് മുഴുവന്‍, ചിന്നക്കനാല്‍ 3, 12, കാഞ്ചിയാര്‍ 11, 12, അയ്യപ്പന്‍കോവില്‍ 1, 2, 3, ഉപ്പുതറ 1, 6, 7, ഉടുമ്പന്‍ചോല 1, 13, കോടിക്കുളം 1, 13, ബൈസണ്‍വാലി 8, പീരുമേട് 13, സേനാപതി 9, വാഴത്തോപ്പ് 4, മരിയാപുരം 5, 10, 17, വണ്ണപ്പുറം 1, 17, മൂന്നാര്‍ 19.

ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് രാജാക്കാട് ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യവകുപ്പ്, പോലിസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടി യോജിപ്പിച്ചാണ് പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതലിന്റെ ഭാഗമായി രാജാക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനുള്ള സൗകര്യങ്ങളും ഒരുക്കി. ഇവിടെ 55 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് പുറമേ ജീവനക്കാര്‍ക്കുള്ള താമസസൗകര്യവും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരുക്കും.

കഴിഞ്ഞ ഒരാഴ്ചകാലമായി രാജാക്കാട് പഞ്ചായത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കഴിഞ്ഞ രണ്ടുദിവസങ്ങളായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനൊപ്പം നിലവില്‍ നീരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഇവര്‍ ക്വാറണ്ടയിന്‍ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ പോലിസ് പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിന് സന്നദ്ധസേനയും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ വാര്‍ഡുകള്‍ തിരിച്ച് ജാഗ്രതാസമിതി രൂപികരിച്ച് പ്രവര്‍ത്തനം ഏകോപ്പിക്കുന്നുണ്ട്. കൊവിഡ് രോഗികളുമായി ബന്ധപ്പെട്ടവരെയോ രോഗലക്ഷണം ഉള്ളവരെയോ ടെസ്റ്റിംഗിന് വിധേയമാക്കാന്‍ വിവിധ വാര്‍ഡുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് ടെസ്റ്റിങ് ലാബുകളും തുറന്നിട്ടുണ്ട്. ഹോമിയോ ഡിസ്പന്‍സറിയിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it