Kerala

വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയുടെ മരണം; എസ്എഫ്‌ഐ അക്രമങ്ങള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ധൈര്യത്തില്‍: പി ജമീല

വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥിയുടെ മരണം; എസ്എഫ്‌ഐ അക്രമങ്ങള്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ധൈര്യത്തില്‍: പി ജമീല
X

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദാരുണ മരണം കാംപസുകളില്‍ എസ്എഫ് ഐ നടത്തുന്ന അക്രമങ്ങള്‍ക്ക് ഇടതു സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിന്റെ പരിണിത ഫലമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല.

കേസ് അട്ടിമറിച്ച് എസ്എഫ്‌ഐ ക്രിമിനലുകളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും സിപിഎമ്മും നടത്തിയത്. മകന്റെ മരണത്തിന് ഉത്തരവാദികള്‍ എസ്എഫ്‌ഐക്കാരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടും വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും തര്‍ക്കം മാത്രമാണെന്നും ചൂണ്ടിക്കാട്ടി എസ്എഫ്‌ഐയെ ഒഴിവാക്കാനുള്ള ഹീനശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. ഹോസ്റ്റലിന്റെ നടുത്തളത്തില്‍ നൂറ്റി മുപ്പതോളം വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ അതിക്രമം നടന്നിട്ടും ഹോസ്റ്റല്‍ വാര്‍ഡനും ഡീനും അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. ക്രൂരമായ കുറ്റകൃത്യം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണം. കൊലപാതകം മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ഡീനും സിപിഎം അനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട അധ്യാപകരും നടത്തിയ ശ്രമത്തെ കുറിച്ചും അന്വേഷിക്കണം. ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണം.

നവകേരള സദസില്‍ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പിന്‍ബലത്തിലാണ് ക്രിമിനല്‍ സംഘങ്ങള്‍ അക്രമങ്ങള്‍ തുടരുന്നത്. കേരളത്തിലെ കാംപസുകള്‍ സംഘര്‍ഷഭരിതമാക്കുന്നത് എസ്എഫ്‌ഐ അക്രമികള്‍ ആണെന്നും അവരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരും പോലിസും തയ്യാറാവണമെന്നും പി ജമീല ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it