Kerala

സൗജന്യ മെനസ്ട്രൂവല്‍ കപ്പ് വിതരണ പദ്ധതിയുമായി ഹൈബി ഈഡന്‍ എംപി

പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടി പാര്‍വ്വതി തിരുവോത്ത് നിര്‍വ്വഹിച്ചു

സൗജന്യ മെനസ്ട്രൂവല്‍ കപ്പ് വിതരണ പദ്ധതിയുമായി ഹൈബി ഈഡന്‍ എംപി
X

കൊച്ചി :ലോക വനിതാ ദിനത്തിന്റെ ഭാഗമായി എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എംപി നടപ്പാക്കുന്ന സൗജന്യ മെനസ്ട്രൂവല്‍ കപ്പ് വിതരണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി ഐഎംഎ ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടി പാര്‍വ്വതി തിരുവോത്ത് നിര്‍വ്വഹിച്ചു. ആര്‍ത്തവ ശുചിത്വ രംഗത്ത് സമഗ്ര മുന്നേറ്റം പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പാര്‍വ്വതി തിരുവോത്ത് പറഞ്ഞു. മെനസ്ട്രൂവല്‍ കപ്പ് ഉപയോഗിക്കുന്നതിലൂടെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒട്ടുമിക്ക അസൗകര്യങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമാകുമെന്ന് പാര്‍വ്വതി അഭിപ്രായപ്പെട്ടു. പുരുഷന്‍മാര്‍ മികച്ച കേള്‍വിക്കാര്‍ ആകണമെന്നും ആര്‍ത്തവ സമയത്തും ജോലിസമയത്തും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക പ്രയാസങ്ങളെക്കുറിച്ച് ബോധവാന്‍മാരാകണമെന്നും പാര്‍വ്വതി പറഞ്ഞു.

എല്ലാത്തരത്തിലുമുള്ള വിവേചനം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനസന്ദേശമെന്ന് കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ.അനിത തിലകന്‍ എന്നിവര്‍ പറഞ്ഞു.കൊച്ചി ഐഎംഎ, ഗ്രീന്‍ കൊച്ചി മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലൂടെ കപ്പുകളുടെ വിതരണം പൂര്‍ത്തിയാക്കും. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഒരു ലക്ഷം സ്തീകള്‍ക്ക് മെനസ്ട്രൂവല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി വേള്‍ഡ് റെക്കോഡാകുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.

മുന്‍ അംബാസിഡര്‍ ഡോ. വേണു രാജാമണി, കുടുംബശ്രീ മിഷന്‍ അസി. ജില്ലാ കോര്‍ഡിനേറ്റര്‍ എം ബി പ്രീതി , ജില്ലാ വിമന്‍ ആന്റ് ചൈല്‍ഡ് ഡവലപ്‌മെന്റ് ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍, കൊച്ചിന്‍ ഒബ്ട്രിക്റ്റ്‌സ് ആന്റ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ഫെസി ലൂയിസ്, മിസിസ്സ് ഇന്ത്യ ഡോ. സുനിത ഹരീഷ് സംസാരിച്ചു.എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Next Story

RELATED STORIES

Share it