Kerala

സമ്പുഷ്ട കേരളം: അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു

കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇപ്പോള്‍ സര്‍വേ നടന്നു വരുന്നത്. തിരുവനന്തപുരം മുതലുള്ള ബാക്കി ജില്ലകളിലെ സര്‍വേ ഉടന്‍ തുടങ്ങുന്നതാണ്.

സമ്പുഷ്ട കേരളം: അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു
X

തിരുവനന്തപുരം: കേരളത്തിലെ അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പോഷന്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇപ്പോള്‍ സര്‍വേ നടന്നു വരുന്നത്. തിരുവനന്തപുരം മുതലുള്ള ബാക്കി ജില്ലകളിലെ സര്‍വേ ഉടന്‍ തുടങ്ങുന്നതാണ്.

അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന കുടുംബ സര്‍വേയില്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. അങ്കണവാടി വര്‍ക്കര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി സ്മാര്‍ട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പോഷകാഹാരക്കുറവ് മനസിലാക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ സര്‍വേയിലൂടെ സാധിക്കും. ഈ സര്‍വേയുടെ വിജയകരമായ നടത്തിപ്പിന് എല്ലാവരുടെയും ഭാഗത്തു നിന്നുമുള്ള സഹകരണവും പങ്കാളിത്തവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പ്രവര്‍ത്തിക്കുന്നത്. അങ്കണവാടി സേവനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സുതാര്യവും കാര്യക്ഷമമാക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങളാണ് സമ്പുഷ്ട കേരളം പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും, സൂപ്പര്‍വൈസര്‍മാര്‍ക്കും പ്രത്യേക സോഫ്റ്റ്‌വെയറുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ നല്‍കി വരുന്നു. ഇതിലൂടെ വിവരങ്ങള്‍ അപ്പപ്പോള്‍ അപ് ലോഡ് ചെയ്യാനും ഓരോ കുട്ടികളെപ്പറ്റിയുമുള്ള കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനും വളരെ വേഗത്തില്‍ പ്രശ്‌നത്തിലിടപെടാനും അതിന് പരിഹാരം കണ്ടെത്താനും സാധിക്കുന്നു. ഇതിന്റെ പ്രാരംഭ നടപടിയായാണ് അങ്കണവാടി പ്രവര്‍ത്തകര്‍ അങ്കണവാടി പ്രദേശത്തിലെ എല്ലാ വീടുകളിലും ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിലൂടെ യഥാസമയം കുട്ടികളിലെ വളര്‍ച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസിലാക്കുന്നു. കൂടാതെ ഓരോ രക്ഷകര്‍ത്താക്കള്‍ക്കും തങ്ങളുടെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ പുരോഗതി വിലയിരുത്താന്‍ പറ്റുന്നു. ഇത്തരം കുട്ടികള്‍ക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നല്‍കുവാനും സാധിക്കുന്നതാണ്.

Next Story

RELATED STORIES

Share it