Kerala

സ്വര്‍ണക്കടത്ത് കേസ്: സിബിഐയ്ക്ക് പുറമേ എന്‍ഐഎയും റോയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

യുഎഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്രബാഗേജിലാണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ സ്വര്‍ണക്കടത്തായി കാണാന്‍ സാധ്യമല്ല.

സ്വര്‍ണക്കടത്ത് കേസ്: സിബിഐയ്ക്ക് പുറമേ എന്‍ഐഎയും റോയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് സിബിഐയ്ക്ക് വിട്ടുകൊടുക്കുകയും കൊഫെപോസ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്രഗൗരവമുള്ളതിനാല്‍ റോയും എന്‍ഐഎയും ഈ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്രബാഗേജിലാണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ സ്വര്‍ണക്കടത്തായി കാണാന്‍ സാധ്യമല്ല.

നയതന്ത്രചാനല്‍ വഴി പത്തുതവണ സ്വര്‍ണം കടത്തി കേരളത്തില്‍ കൊണ്ടുവന്നതായാണ് പറയപ്പെടുന്നത്. ഈ സംഭവം നമ്മുടെ രാജ്യസുരക്ഷയെയും യുഎഇയുമായുള്ള സുഹൃദ് ബന്ധത്തെയും ബാധിക്കുന്നതാണ്. യുഎഇയും ഇന്ത്യയും തമ്മിലും പ്രത്യേകിച്ച് കേരളവുമായും സുദൃഢവും ആത്മാര്‍ഥവും ഊഷ്മളവുമായ ബന്ധമാണുള്ളത്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് അന്നം നല്‍കുന്ന നാടാണ് യുഎഇ. കേരളീയരായ പ്രവാസികളുടെ ശക്തമായ സാന്നിധ്യം യുഎയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയാണ് 2016 ല്‍ ഒരു കോണ്‍സുലേറ്റ് ജനറലിന്റെ ഓഫിസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ യുഎഇ തീരുമാനിച്ചത്. സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുമായി ഈ റാക്കറ്റിന് വലിയ ബന്ധമുണ്ടെന്ന് പരക്കെ ആക്ഷേപമുണ്ട്.

കേരള മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറാണ് സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്രബിന്ദു. കേസിലെ പ്രധാന ആസൂത്രകയും കുറ്റവാളിയുമായ സ്വപ്ന സുരേഷ് എന്ന വനിതയെ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന ഘട്ടത്തില്‍തന്നെ ഐടി വകുപ്പില്‍ സ്പെയ്സ് പാര്‍ക്ക് ഓപറേഷന്‍ മാനേജരെന്ന ഉന്നത പദവിയില്‍ നിയമനവും നല്‍കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുന്ന സമാന്തര സമ്പദ്‌വ്യവസ്ഥയാണ് കള്ളക്കടത്ത് വഴി ഇവിടെ വളരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്നത് അപകടകരമായ സ്ഥിതിയാണെന്നും അതുകൊണ്ട് അടിയന്തര ഇടപെടല്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it