Kerala

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതലെടുക്കണം.

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാവുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിര്‍ദേശിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം കൊങ്കണ്‍, ഗോവ പ്രദേശങ്ങളിലാവും അതിതീവ്ര മഴയ്ക്ക് കാരണമാവുക. എങ്കിലും കേരളത്തില്‍ വ്യാഴാഴ്ച വരെ പരക്കെ കനത്ത മഴയുണ്ടാവും. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതലെടുക്കണം. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കാറ്റ് വീശാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ദുരന്തസാധ്യതമേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ കൊവിഡ് മാനദണങ്ങള്‍ പാലിച്ച് പലയിടത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it