Kerala

ഒന്നാംഘട്ട അവസ്ഥാ പഠനം പൂര്‍ത്തിയായി; ഹൈടെക് ക്ലാസ് മുറികള്‍ പഠനത്തിന് ഫലപ്രദം

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഒന്നാംഘട്ട അവസ്ഥാപഠനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. 4,742 സ്‌കൂളുകളിലെ 60,776 അധ്യാപകരില്‍ നിന്നും 1,78,871 വിദ്യാര്‍ഥികളില്‍ നിന്നും പ്രത്യേക ചോദ്യാവലി ഉപയോഗിച്ച് നവംബറില്‍ നേരിട്ട് വിവരശേഖരണം നടത്തിയാണ് പഠനം നടത്തിയത്.

ഒന്നാംഘട്ട അവസ്ഥാ പഠനം പൂര്‍ത്തിയായി; ഹൈടെക് ക്ലാസ് മുറികള്‍ പഠനത്തിന് ഫലപ്രദം
X

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ നടപ്പാക്കിവരുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഒന്നാംഘട്ട അവസ്ഥാപഠനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. 4,742 സ്‌കൂളുകളിലെ 60,776 അധ്യാപകരില്‍ നിന്നും 1,78,871 വിദ്യാര്‍ഥികളില്‍ നിന്നും പ്രത്യേക ചോദ്യാവലി ഉപയോഗിച്ച് നവംബറില്‍ നേരിട്ട് വിവരശേഖരണം നടത്തിയാണ് പഠനം നടത്തിയത്. ഹൈടെക് പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലുള്ള പുരോഗതി വിലയിരുത്താന്‍ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയിരുന്നു.

സ്‌കൂളുകളില്‍ നിലവില്‍ 73,333 അധ്യാപകര്‍ (92 ശതമാനം) ക്ലാസ് മുറികളില്‍ പ്രൊജക്ടറുകളും ലാപ്ടോപ്പും ഉപയോഗിച്ച് പഠിപ്പിക്കുന്നുണ്ട്. 13,489 അധ്യാപകര്‍ 'സമഗ്ര' പോര്‍ട്ടലിലെ വിഭവങ്ങള്‍ക്കുപുറമെ സ്വന്തമായി ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നുണ്ട്. 69,611 അധ്യാപകര്‍ സമഗ്ര പരിശീലനം നേടി പോര്‍ട്ടലില്‍ അംഗത്വം എടുത്തിട്ടുണ്ട്.'സമഗ്ര' പോര്‍ട്ടല്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നുവെന്നും ഡിജിറ്റല്‍ റിസോഴ്സുകളുടെ അവതരണം, ചര്‍ച്ച, ക്രോഡീകരണം എന്നിവ ഫലപ്രദമായി നടത്താന്‍ നിലവിലെ ക്ലാസ് അന്തരീക്ഷം പര്യാപ്തമാണെന്നും 96 ശതമാനം അധ്യാപകര്‍ അഭിപ്രായപ്പെട്ടു. പ്രൊജക്ടര്‍, ലാപ്‌ടോപ്പ് എന്നിവ ക്ലാസ്സില്‍ വിന്യസിച്ചിരിക്കുന്നത് സൗകര്യപ്രദമാണെന്നാണ് 94 ശതമാനം അധ്യാപകരും അഭിപ്രായപ്പെട്ടത്. 16,928 അധ്യാപകരാണ് 'സമഗ്ര'മൊബൈല്‍ ആപ് ഉപയോഗിച്ചിട്ടുള്ളത്.

1.79 ലക്ഷം കുട്ടികളില്‍ നിന്നാണ് നേരിട്ട് ഹൈടെക് ക്ലാസുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് വിവരശേഖരണം നടത്തിയത്. ഒരു ഡിവിഷനില്‍ നിന്നും റാന്‍ഡമായി അഞ്ച് കുട്ടികളെ തിരഞ്ഞെടുത്ത് പൊതുമുറിയില്‍ അവര്‍ക്ക് ചോദ്യാവലി നല്‍കിയാണ് ശേഖരിച്ചത്. ഇതില്‍ 92 ശതമാനം കുട്ടികളും (1.61 ലക്ഷം) ക്ലാസ് മുറിയില്‍ പ്രൊജക്ടര്‍, ലാപ്ടോപ്പ് എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് രേഖപ്പെടുത്തി. ക്ലാസ് മുറികളില്‍ പ്രൊജക്ടറുകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും നന്നായി കാണാന്‍ കഴിയുന്നുവെന്ന് 1.68 ലക്ഷം കുട്ടികളും രേഖപ്പെടുത്തി.

വീട്ടില്‍ കംപ്യൂട്ടര്‍ ഉണ്ടെന്ന് രേഖപ്പെടുത്തിയത് 43061 കുട്ടികള്‍(25 ശതമാനം) ആണ്. അവസ്ഥാ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശ്രദ്ധിക്കേണ്ട തലങ്ങളില്‍ പ്രത്യേക ഇടപെടല്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. സര്‍വേയുടെ തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയില്‍ എല്ലാ സ്‌കൂളുകളിലും ഹൈടെക് പദ്ധതിയുടെ ഓഡിറ്റ് നടത്തുമെന്ന് സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു.



Next Story

RELATED STORIES

Share it