Kerala

പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം; പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം; പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
X

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ശക്തമായി അപലപിക്കുന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ഈ പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സഭയുടെയും സമുദായത്തിന്റെയും ആധ്യാത്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം നിയോഗിതരായിട്ടുള്ള മെത്രാന്‍മാരും മറ്റു പുരോഹിതരും വിശ്വാസിയുടെ ആധ്യാത്മിക ബലഹീനതയെ ചൂഷണം ചെയ്ത് സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന നിലവിലെ വ്യവസ്ഥിതി അപ്പാടെ പൊളിച്ചെഴുതി വിശ്വാസസമൂഹത്തിലേക്ക് അധികാരങ്ങള്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടാവുമ്പോഴെ മെത്രാന്‍മാരുടെ അഴിഞ്ഞാട്ടത്തിന് അവസാനമുണ്ടാവുകയുള്ളൂവെന്നും ഫെലിക്‌സ് ജെ പുല്ലൂടന്‍ വ്യക്തമാക്കി.

മതങ്ങള്‍ തമ്മില്‍ സുദൃഢമായ മതസൗഹാര്‍ദവും പരസ്പര സഹകരണവും നിലനില്‍ക്കുന്ന മലയാള മണ്ണില്‍ കാലുഷ്യത്തിന്റെയും പകയുടെയും വിത്തുവിതയ്ക്കാനുള്ള ശ്രമം കത്തോലിക്ക സഭയില്‍നിന്നും ആദ്യമുണ്ടാവുന്നത് ഇല്ലാത്ത ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ് ഭൂമി കുംഭകോണ കേസ് പ്രതി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയെ തുടര്‍ന്നായിരുന്നു. അതിന്റെ വാലുപിടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്ന് കുഴപ്പമുണ്ടാക്കിയ ഇതേ ബിഷപ്പ് വര്‍ധിക്കുന്ന മുസ്‌ലിം ജനസംഖ്യയെ മറികടക്കാന്‍ നാലിലേറെ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തുവന്നത്. അക്കാര്യം ജനം പുച്ഛിച്ചുതള്ളിയപ്പോഴാണ് പുതിയൊരു വിഷയസൃഷ്ടിയുമായി ഇയാള്‍ വീണ്ടും രംഗത്തു വരുന്നതെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം മാനസിക രോഗികളെ നിയന്ത്രിക്കാനുള്ള നിര്‍ബന്ധിത ശ്രമം കേരള മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നുമുണ്ടാവുന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തം വളരെ ഭീകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലൗ ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരുവിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്.

Next Story

RELATED STORIES

Share it