Kerala

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: വാസന്തി മികച്ച സിനിമ, നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി

119 സിനിമകളാണ് അവാർഡിന് പരിഗണിച്ചത്. 50 ശതമാനത്തിലേറെ നവാഗത സംവിധായകരുടെ സിനിമകളായിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: വാസന്തി മികച്ച സിനിമ, നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി
X

തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് അവാർഡ് പ്രഖ്യാപിച്ചത്. വാസന്തിയാണ് മികച്ച സിനിമ. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് (ചിത്രം : ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി), നടി കനി കുസൃതി (ചിത്രം: ബിരിയാണി). മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരി (ചിത്രം: ജെല്ലിക്കെട്ട്). മികച്ച രണ്ടാമത്തെ ചിത്രം- കെഞ്ചിര. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സംഗീത സംവിധായകൻ : സുശിൻ ശ്യാം, മികച്ച പിന്നണി ഗായകൻ : നജിം അർഷാദ്, മികച്ച പിന്നണി ഗായിക : മധു ശ്രീ നാരായണൻ, മികച്ച ചിത്ര സംയോജകൻ : കിരൺ ദാസ്, മികച്ച നടൻ പ്രത്യേക ജൂറി പരാമർശം : നിവിൻ പോളി, മികച്ച നടി പ്രത്യേക ജൂറി പരാമർശം : അന്ന ബെൻ, മികച്ച ക്യാമറാമാൻ : പ്രതാപ് പി നായർ, മികച്ച നവാഗത സംവിധായകൻ : രതീഷ് ബാലകൃഷ്ണ പൊതുവാൾ.

119 സിനിമകളാണ് അവാർഡിന് പരിഗണിച്ചത്. റിലീസ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. 50 ശതമാനത്തിലേറെ നവാഗത സംവിധായകരുടെ സിനിമകളാണ് പരിഗണിച്ചത്. 71 സിനിമകൾ നവാഗതരാണ് സംവിധാനം ചെയ്തത്. കൊവിഡ് കാരണം അവാർഡ് നിർണയം നീണ്ടുപോയതായി മന്ത്രി പറഞ്ഞു.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

കൊവിഡ് സാഹചര്യത്തെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം നീട്ടി വയ്ക്കുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാല്‍ (മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍), മമ്മൂട്ടി (ഉണ്ട, മാമാങ്കം) ഉള്‍പ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം മത്സരരംഗത്ത് പരിഗണിക്കപ്പെട്ടിരുന്നു. നിവിന്‍ പോളി (മൂത്തോന്‍), സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ്, വികൃതി), ആസിഫ് അലി (കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ന്‍ നിഗം (കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്ഖ്) എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം തുടക്കം മുതലേ പ്രതീക്ഷിച്ചിരുന്നു.

മികച്ച നടിക്കുള്ള മത്സരരംഗവും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. പാര്‍വതി (ഉയരെ), രജിഷ വിജയന്‍ (ജൂണ്‍, ഫൈനല്‍സ്), അന്ന ബെന്‍ (ഹെലന്‍, കുമ്ബളങ്ങി നൈറ്റ്സ്), മഞ്ജു വാര്യര്‍ (പ്രതി പൂവങ്കോഴി) എന്നിവരുടെ പേരുകള്‍ അവസാന നിമിഷം വരെയും ഉയര്‍ന്നുവന്നു.

Next Story

RELATED STORIES

Share it