Kerala

ലോക്കോ പൈലറ്റുമാരുടെ ക്ഷാമം;സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയില്‍

ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം യാത്രാവണ്ടികള്‍ ഓടിക്കാന്‍ ചരക്ക് തീവണ്ടി ഓടിക്കുന്നവരെയാണ് നിയോഗിക്കുന്നത്

ലോക്കോ പൈലറ്റുമാരുടെ ക്ഷാമം;സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പ്രതിസന്ധിയില്‍
X

കോഴിക്കോട്: ലോക്കോ പൈലറ്റുമാരുടെ ക്ഷാമം സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നു.ലോക്കോ പൈലറ്റുമാരുടെ ക്ഷാമം കാരണം യാത്രാവണ്ടികള്‍ ഓടിക്കാന്‍ ചരക്ക് തീവണ്ടി ഓടിക്കുന്നവരെയാണ് നിയോഗിക്കുന്നത്. ദക്ഷിണ റെയില്‍വേയില്‍ പൊതുവേ പാലക്കാട്, തിരുവന്തപുരം ഡിവിഷനുകളില്‍ തീവണ്ടി ഓടിക്കാന്‍ ആവശ്യത്തിന് ലോക്കോ പൈലറ്റുമാരില്ലാത്ത സാഹചര്യമാണുള്ളത്.

ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്നാണ് നിലവില്‍ ഉയരുന്ന ആവശ്യം. പാലക്കാട് ഡിവിഷനില്‍ മാത്രം 158 ലോക്കോ പൈലറ്റുമാര്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍വീസുകള്‍ സുഗമമായി നടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇവിടെ ആകെയുള്ളത് 108 ലോക്കോ പൈലറ്റുമാരാണ്. മറ്റ് ഡിവിഷനുകളിലും സ്ഥിതി വ്യത്യസ്തമല്ല.

റെയില്‍വേ സര്‍വീസ് ചട്ടം അനുസരിച്ച് 100 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കില്‍ 130 പേരെ നിയമിക്കണം. ലോക്കോ പൈലറ്റുമാര്‍ അവധിയില്‍ പ്രവേശിക്കുമ്പോഴും,ട്രെയിനിങ്ങിനായി പോകുമ്പോഴും സര്‍വീസ് മുടങ്ങാതിരിക്കാനാണ് കൂടുതല്‍പേരെ നിയമിക്കുന്നത്.എന്നാല്‍ നിലവില്‍ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ നികത്താതെ ഗുഡ്‌സ് തീവണ്ടികളിലെ ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ഉള്ളത്. മതിയായ പരിശീലനം നല്‍കിയ ശേഷമേ ഗുഡ്‌സ് ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍ വണ്ടികള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.

ലോക്കോ പൈലറ്റുമാരുടെ കുറവുകാരണം ഇപ്പോള്‍ പാസഞ്ചര്‍ തീവണ്ടികള്‍ കൂടാതെ ചെന്നൈയില്‍നിന്നുള്ള ദീര്‍ഘദൂര തീവണ്ടികളും റദ്ദാക്കുന്ന സാഹചര്യമാണ്.ലോക്കോ പൈലറ്റുമാര്‍ക്ക് കൊവിഡ് ബാധിച്ചതിനാലാണ് തീവണ്ടികള്‍ റദ്ദാക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.എന്നാല്‍ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ നികത്താത്തതിനാലാണ് വണ്ടികള്‍ റദ്ദാക്കേണ്ടിവരുന്നതെന്നാണ് ജീവനക്കാരുടെ ആരോപണം.

Next Story

RELATED STORIES

Share it