Kerala

ലോക്സഭാ തിരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും

വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബിജെപി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തിയതായി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും. വെല്‍ഫെയര്‍ പാര്‍ട്ടി മല്‍സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബിജെപി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തിയതായി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയതലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ. കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഎം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍ഡിഎയെ പുറത്താക്കാന്‍ തക്കശേഷി അവര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മൂന്ന് വര്‍ഷത്തെ ഇടതുഭരണം തികച്ചും ജനവിരുദ്ധമാണ്. പല സന്ദര്‍ഭങ്ങളിലും സംഘപരിവാര്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രീതിയിലുള്ള പോലിസ് നയമാണ് അവരും പുലര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചമര്‍ത്തുകയും സമരപ്രവര്‍ത്തകരെ ഭീകരമുദ്ര ചാര്‍ത്തുകയും ചെയ്യുകയാണ് എല്‍ഡിഎഫും സിപിഎമ്മും. കേരളത്തെ പോലിസ് രാജാക്കുന്ന തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും എല്‍ഡിഎഫ് ഭരണകാലത്ത് ഉണ്ടായിരിക്കുന്നു. ഭരണകക്ഷിയായ സിപിഎം തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി സംസ്ഥാനത്തെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നു. തിരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാണെങ്കിലും സംസ്ഥാന ഭരണത്തേയും വിലയിരുത്തപ്പെടേണ്ടതായി വരും.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടി സ്വന്തം നിലക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക് ജയസാധ്യതയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒന്നാമതോ രണ്ടാമതോ എത്തിയേക്കും എന്ന സാഹചര്യം രൂപപ്പെട്ടാല്‍ ആ മണ്ഡലത്തില്‍ പൊതു തത്വം മാറ്റി ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

Next Story

RELATED STORIES

Share it