Kerala

കെഎഎസ് പ്രാഥമിക പരീക്ഷ: മലയാളത്തിലുള്ള ചോദ്യങ്ങൾ എഴുതണമെന്ന് നിർബന്ധമില്ല

കെഎഎസ് പ്രാഥമിക പരീക്ഷയ്ക്ക് 20 മാർക്കിന് മലയാളം ചോദ്യങ്ങളുണ്ടെങ്കിലും താത്പര്യമുള്ളവർമാത്രം ഇതിന് ഉത്തരമെഴുതിയാൽ മതി. തത്തുല്യമായി ഇംഗ്ലീഷിലോ തമിഴിലോ കന്നഡത്തിലോ ചോദ്യങ്ങളുണ്ടാകും.

കെഎഎസ് പ്രാഥമിക പരീക്ഷ: മലയാളത്തിലുള്ള ചോദ്യങ്ങൾ എഴുതണമെന്ന് നിർബന്ധമില്ല
X

തിരുവനന്തപുരം: കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പ്രാഥമിക പരീക്ഷയ്ക്ക് മലയാളത്തിലുള്ള ചോദ്യങ്ങൾ എഴുതണമെന്ന് നിർബന്ധമില്ല. സർക്കാരിന്റെ അംഗീകാരത്തിനായി പി.എസ്.സി നൽകിയ പരീക്ഷാഘടനയിലാണ് ഇക്കാര്യം പറയുന്നത്. പി.എസ്.സി തയ്യാറാക്കിയ പരീക്ഷാഘടനയും പാഠ്യപദ്ധതിയും പൊതുഭരണ വകുപ്പിന്റെ പരിഗണനയിലാണ്. ഇവ പരിശോധിച്ച് സർക്കാർ അംഗീകാരം നൽകണം.

കെഎഎസ് പ്രാഥമിക പരീക്ഷയ്ക്ക് 20 മാർക്കിന് മലയാളം ചോദ്യങ്ങളുണ്ടെങ്കിലും താത്പര്യമുള്ളവർമാത്രം ഇതിന് ഉത്തരമെഴുതിയാൽ മതി. തത്തുല്യമായി ഇംഗ്ലീഷിലോ തമിഴിലോ കന്നഡത്തിലോ ചോദ്യങ്ങളുണ്ടാകും. കൂടുതൽ മാർക്ക് സമ്പാദിക്കാനുള്ള എളുപ്പവഴിയെന്ന നിലയിൽ ഇംഗ്ലീഷോ തമിഴോ കന്നഡയോ സ്വീകരിക്കാനാകും അപേക്ഷകർ തയ്യാറാവുക. അപേക്ഷിക്കുമ്പോൾതന്നെ ഏതുഭാഷ വേണമെന്ന് വ്യക്തമാക്കണം.

ബിരുദ യോഗ്യതയുള്ള പരീക്ഷകൾക്ക് പി.എസ്.സി 10 ചോദ്യങ്ങൾ മലയാളത്തിൽ നൽകാറുണ്ട്. ഇതിന് പകരം തമിഴ്, കന്നഡ ഭാഷകളിലും തത്തുല്യമായി 10 ചോദ്യങ്ങൾ നൽകും. ഇത് ഭാഷാന്യൂനപക്ഷങ്ങൾക്കുള്ളതാണ്. മറ്റുള്ളവരെല്ലാം മലയാളം ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നത് നിർബന്ധമാണ്. എന്നാൽ, കെഎഎസ് പരീക്ഷയിൽ ഇംഗ്ലീഷ് കൂടി ഉൾപ്പെടുത്തിയതോടെ മലയാളം നിർബന്ധമല്ലെന്നായി.

ജനറൽ സ്റ്റഡീസ് എന്നപേരിൽ പ്രാഥമികപരീക്ഷ 100 വീതം മാർക്കുള്ള രണ്ട് പേപ്പറുകളായി രണ്ടുദിവസമാണ് നടത്തുന്നത്. രണ്ടാമത്തെ പേപ്പറിലാണ് 20 മാർക്കിനുള്ള ഭാഷാചോദ്യങ്ങൾ. ഇതിന് മലയാളത്തിനുപുറമേ ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവ ഐച്ഛികമായി ഉണ്ടാകും. ഇതിൽ ഏതെങ്കിലും ഒന്ന് സ്വീകരിക്കണം. ബാക്കിയുള്ള 180 ചോദ്യങ്ങളും ഇംഗ്ലീഷിലായിരിക്കും. ഇവ മലയാളത്തിലും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭാഷാസ്നേഹികൾ സമരം നടത്തിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ഈ ചോദ്യങ്ങൾ മലയാളത്തിലും ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് പി.എസ്.സി ചെയർമാൻ ഉറപ്പുനൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it