Health

ഡിമെന്‍ഷ്യ രോഗികള്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക്

ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ കീഴില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക് ജൂലൈ 16 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം,ന്യൂറോസൈക്കോളജിസ്റ്റ് ഡോ. സന്ധ്യ ചേര്‍ക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഡിമെന്‍ഷ്യ രോഗികള്‍ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക്
X

കൊച്ചി : മറവിരോഗങ്ങള്‍ക്കുള്ള സമഗ്ര ചികില്‍സ ഉറപ്പാക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സയന്‍സ് വിഭാഗത്തിന്റെ കീഴില്‍ മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക് ജൂലൈ 16 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം,ന്യൂറോസൈക്കോളജിസ്റ്റ് ഡോ. സന്ധ്യ ചേര്‍ക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.രാവിലെ 11.45 ന് നടക്കുന്ന ചടങ്ങില്‍ ഉമ തോമസ് എംഎല്‍എ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കാന്‍സര്‍ പോലെ തന്നെ മറവിരോഗവും ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. മറവിരോഗങ്ങളില്‍ ഏറ്റവും പരിചിതമായ അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ ഒരു മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ വരെ പരസഹായം അത്യാവശ്യമായി മാറുമെന്ന് ഡോ. മാത്യു എബ്രഹാം പറഞ്ഞു. സാധാരണയായി 60 വയസ് കഴിഞ്ഞവരില്‍ 5% ശതമാനമാണ് മറവിരോഗം ബാധിക്കാനുള്ള സാധ്യതയെങ്കില്‍ 65 വയസ് കഴിഞ്ഞവരില്‍ ഇത് പത്ത് ശതമാനവും , 80 വയസ് കഴിഞ്ഞവരില്‍ 20 ശതമാനവുമായി ഉയരും. പഠനങ്ങള്‍ അനുസരിച്ച് 2030 ഓടെ ലോകത്തിലെ ആകെ മറവിരോഗികളില്‍ 80 ശതമാനവും ഇന്ത്യയിലും ചൈനയിലുമാകും ഉണ്ടാവുകയെന്നും ഡോ. മാത്യു എബ്രഹാം വ്യക്തമാക്കി.

മറവിരോഗം വ്യക്തിയുടെ ഓര്‍മ്മ, ഭാഷ, പെരുമാറ്റം, ചലനം അടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തുന്നു. ഏഴ് മുതല്‍ എട്ട് ശതമാനം വരുന്ന മറവിരോഗങ്ങള്‍ മാത്രമാണ് ചികില്‍സിക്കുവാന്‍ സാധിക്കുന്നത്. ബാക്കിയുള്ളവരില്‍ മികച്ച ജീവിതനിലവാരം ഉറപ്പാക്കുവാനും, രോഗിയുടെയും ബന്ധുക്കളുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് സമ്മര്‍ദം കുറയ്ക്കുകയുമാണ് ഏക പോംവഴി. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മെമ്മറി ആന്‍ഡ് കോഗ്‌നിറ്റീവ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്ക് പ്രവര്‍ത്തിക്കുകയെന്ന് സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം വിശദീകരിച്ചു.

ഡോക്ടര്‍മാരെ സംബന്ധിച്ച് രോഗിക്ക് ബാധിച്ചിട്ടുള്ളത് ചികിത്സിക്കാന്‍ കഴിയുന്ന മറവിരോഗമാണോ എന്നത് സ്ഥിരീകരിക്കലാണ് പ്രഥമകടമ്പ. ന്യൂറോളജിസ്റ്റ്, ന്യൂറോസൈക്കോളജി സ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയവരുടെ ഒരു സംഘം ഇതിനായി പ്രവര്‍ത്തിക്കും. രോഗിക്ക് സമഗ്രമായ ചികില്‍സ ഉറപ്പാക്കുന്നതിനോടൊപ്പം മറവിരോഗം ബാധിച്ച രോഗിയുടെ ബന്ധുക്കള്‍ക്കും രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്കും വലിയൊരു പങ്കുവഹിക്കുവാനുണ്ടെന്നും ഡോ. മാത്യു എബ്രഹാം പറഞ്ഞു.

മറവിരോഗം ബാധിച്ച രോഗിയുടെ ചികില്‍സയില്‍ വളരെയധികം ക്ഷമയും, സഹാനുഭൂതിയും, സാമൂഹിക പിന്തുണയും അവിഭാജ്യഘടകമാണ്. ഭൂരിഭാഗം മറവിരോഗങ്ങളും ചികില്‍സിക്കാന്‍ കഴിയുന്നതുമല്ല. ഈ സാഹചര്യത്തില്‍ ഇത്തരം രോഗികളെ കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ചുള്ള ബോധവത്ക്കരണം വളരെ പ്രധാനപ്പെട്ടതാണെന്ന് ന്യൂറോസൈക്കോളജിസ്റ്റ് ഡോ. സന്ധ്യ ചേര്‍ക്കില്‍ പറഞ്ഞു.

പ്രായാധിക്യം മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഫലപ്രദമായ ചികില്‍സയും ഉറപ്പാക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് കൃത്യമായ പരിചരണവും ചികില്‍സയും ആവശ്യമാണെന്നും മെമ്മറി ക്ലിനിക് ഇതിന് അത്യധികം സഹായപ്രദമാണെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് വിഭാഗം മേധാവി ജയേഷ് വി നായര്‍ പറഞ്ഞു. മറവിരോഗം ബാധിച്ചിട്ടുള്ളവരുടെ ചികില്‍സയ്ക്കായി പ്രത്യേക ചികില്‍സാ പാക്കേജുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it