Kerala

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു

ഒരാഴ്ചത്തേക്കാണ് കോടതി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍ എന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്.ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം അഞ്ചിന് പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിനെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തുവെന്നതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കോടതി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.ശിവങ്കറിന്റെ ജാമ്യാപേക്ഷ കോടതി അടുത്ത മാസം അഞ്ചിന് പരിഗണിക്കും.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒരാഴ്ചത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

14 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കോടതിയോട് ആവശ്യപ്പെട്ടതെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഒരു മണിക്കൂര്‍ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്നും വൈകുന്നേരം ആറിനു ശേഷം വിശ്രമം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശിവങ്കറിന് ചികില്‍സ ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ ആയുര്‍വേദ ഡോക്ടറുടെ സേവനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.അഭിഭാഷകനെയും ഭാര്യ അടക്കം ബന്ധുക്കളെ കാണാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇ ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍.സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍,സരിത്ത്,ഫൈസല്‍ ഫരീദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.വിശദമായ അന്വേഷണത്തിനും തെളിവ് ശേഖരത്തിനും ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന ഇ ഡി യുടെ വാദം കണക്കിലെടുത്താണ് ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടത്.തനിക്ക് നടുവേദയുണ്ടെന്ന് ശിവശങ്കര്‍ കോടതിയോട് പറഞ്ഞു.ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ഇ ഡി കസ്റ്റഡിയില്‍ എടുത്തത്. അതിനാല്‍ ചികില്‍സ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.രാത്രി ഒരു മണി വരെ തന്നെ ചോദ്യം ചെയ്തു.പുലര്‍ച്ചെ വീണ്ടും വിളിച്ചെഴുന്നേല്‍പ്പിച്ച് ചോദ്യം ചെയ്തുവെന്നും വിശ്രമം കിട്ടുന്നില്ലെന്നും ശിവശങ്കര്‍ കോടതിയോട് പറഞ്ഞു.

അതേ സമയം ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.എന്നാല്‍ 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന ഇ ഡിയുടെ ആവശ്യത്തെ ശിവശങ്കറിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.90 ദിവസമായി അന്വേഷണം നടത്തുന്ന കേസാണിത്.വീണ്ടും കുടുതല്‍ ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ശിവശങ്കര്‍. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് കോടതി നിര്‍ദേശങ്ങളോടെ ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.

Next Story

RELATED STORIES

Share it