Kerala

തിരികെയെത്തുന്ന പ്രവാസികൾക്ക് നോർക്കയുടെ സമഗ്ര പുനരധിവാസ പദ്ധതി; കഴിഞ്ഞവർഷം ആരംഭിച്ചത് 1043 സംരംഭങ്ങൾ

30 ലക്ഷം രൂപ വരെ മൂലധന ചിലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 15 ശതമാനം മൂലധ സബ്സിഡി നോർക്ക നൽകും. 14 ബാങ്കുകളുടെ 5832 ശാഖകളിലൂടെയാണ് വായ്പ നൽകുന്നത്.

തിരികെയെത്തുന്ന പ്രവാസികൾക്ക് നോർക്കയുടെ സമഗ്ര പുനരധിവാസ പദ്ധതി; കഴിഞ്ഞവർഷം ആരംഭിച്ചത് 1043 സംരംഭങ്ങൾ
X

തിരുവനന്തപുരം: സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികൾ 2019 -20 സാമ്പത്തിക വർഷത്തിൽ ആരംഭിച്ചത് 1043 സംരംഭങ്ങൾ. നോർക്ക ഡിപ്പാർട്ട്മെൻ്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻ്റ്സ് (NDPREM) പദ്ധതി പ്രകാരമാണ് ഇത്രയും സംരംഭങ്ങൾ നടപ്പിലാക്കിയത്. ഇതിനായി ബാങ്ക് വായ്പ മൂലധന, പലിശ സബ്സിഡിയായി നോർക്ക നൽകും. കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പിലാക്കിയ സംരംഭങ്ങളിൽ 480 എണ്ണവും നോർക്ക റൂട്ട്സിൻ്റെ പുനരധിവാസ പദ്ധതി പ്രകാരം കാർഷിക വ്യവസായിക മേഖലയിലാണ്. 350 എണ്ണം ഉൽപാദന മേഖലയിലും 78 സംരംഭങ്ങൾ സേവന മേഖലയിലുമാണ്‌. 85 പേർ ടാക്സി സർവീസ് നടത്തി വരുമാനം കണ്ടെത്തുന്നു.


തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് 194 പ്രവാസികൾ വിവിധ പദ്ധതികളിൽ സംരംഭകരായി. ഇടുക്കി ജില്ലയിൽ ഒരാൾ മാത്രമാണ് സംരംഭകനായത്. വിദേശരാജ്യങ്ങളിൽ രണ്ട് വർഷമെങ്കിലും ജോലി ചെയ്ത പ്രവാസികൾക്ക് മാത്രമേ നോർക്കയുടെ പുനരധിവാസ പദ്ധതിയിൽ അപേക്ഷിക്കാനാവു. 2018- 19 വർഷത്തിൽ 293 സംരംഭങ്ങളാണ് സംസ്ഥാനത്താകെ പ്രവാസികൾ ആരംഭിച്ചത്. ജോലി നഷ്ടപ്പെട്ടും ആരോഗ്യ സംബന്ധമായ കാരണങ്ങളാലും നിരവധി പേരാണ് ഈ കാലയളവിൽ കേരളത്തിലേക്ക് തിരിച്ചെത്തിയത്. ഇതേത്തുടർന്നാണ് 2019 -20 വർഷത്തിൽ പ്രവാസി സംരംഭകരുടെ എണ്ണം വർധിക്കാൻ കാരണം. നിലവിൽ വൻതോതിൽ പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ കൂടുതൽ പ്രവാസി സംരംഭങ്ങൾ തുടങ്ങാനാണ് നോർക്കയുടെ ശ്രമം.


30 ലക്ഷം രൂപ വരെ മൂലധന ചിലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് 15 ശതമാനം മൂലധ സബ്സിഡി നോർക്ക നൽകും. 14 ബാങ്കുകളുടെ 5832 ശാഖകളിലൂടെയാണ് വായ്പ നൽകുന്നത്. കാർഷിക- വ്യവസായം, കച്ചവടം, സേവനങ്ങൾ, ഉൽപാദനം/ ചെറുകിട/ നിർമ്മാണമേഖല, ടാക്സി സർവീസ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ എന്നീ വിഭാഗങ്ങളിലാണ് സംരംഭങ്ങൾ തുടങ്ങാൻ വായ്പ അനുവദിക്കുക.

Next Story

RELATED STORIES

Share it