Kerala

ആര്‍എസ്എസ് അജണ്ടയും ഭരണകൂടവേട്ടയും അനുവദിക്കില്ല: എ അബ്ദുല്‍ സത്താര്‍

മുസ്‌ലിം ഉന്‍മൂലനം നടത്തുന്ന ഫാഷിസത്തെ പിടിച്ചുകെട്ടാന്‍ തയ്യാറായതിനാലാണ് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത്. ആര്‍എസ്എസ്സിന്റെ നയനിലപാടുകള്‍ ഭരണകൂടത്തിന്റെ അജണ്ടയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോവുന്നത്. ഇത്തരമൊരു ഭീകരപ്രസ്ഥാനത്തെ പിടിച്ചുകെട്ടാന്‍ രാജ്യസ്‌നേഹികള്‍ തെരുവിലിറങ്ങേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്.

ആര്‍എസ്എസ് അജണ്ടയും ഭരണകൂടവേട്ടയും അനുവദിക്കില്ല: എ അബ്ദുല്‍ സത്താര്‍
X

മട്ടന്നൂര്‍ (കണ്ണൂര്‍): അധികാരം കൈയാളുന്നവര്‍ ആര്‍എസ്എസ് അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജനകീയ സമരങ്ങളിലൂടെ ചെറുക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം' എന്ന പ്രമേയത്തില്‍ മട്ടന്നൂരില്‍ നടത്തിയ യൂനിറ്റി മാര്‍ച്ചിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയത് മുതല്‍ എതിര്‍ശബ്ദങ്ങളെ ഭയക്കുന്ന ഭരണകൂടം നിരപരാധികള്‍ക്കുമേല്‍ കള്ളക്കേസുകള്‍ ചുമത്തി വെടിവച്ചുകൊല്ലുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഏജന്‍സികളായ സിബിഐ, എന്‍ഐഎ, ഇഡി തുടങ്ങിയ വകുപ്പുകളെ ആര്‍എസ്എസിന്റെ ബി ടീം ആയാണ് ഉപയോഗപ്പെടുത്തുന്നത്.


മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും വിലയ്ക്കുവാങ്ങിയും സര്‍ക്കാരിന്റെ മെഗാഫോണുകളാക്കി മാറ്റിയിരിക്കുന്നു. ഹാഥ്‌റസില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയതുപോലും രാജ്യദ്രോഹക്കുറ്റമാക്കി മാറ്റി. സിഎഎ, എന്‍ആര്‍സിക്കെതിരേ സമരം ചെയ്തവരെ രാജ്യത്തിനെതിരേ യുദ്ധം ചെയ്തവരായി ചിത്രീകരിച്ച് ജയിലിലടച്ചു. ഭയപ്പെടുത്തി നിസ്സംഗരാക്കാനുള്ള ഈ കുല്‍സിത നീക്കങ്ങള്‍ക്കെതിരേ അധസ്ഥിതപിന്നാക്കദലിത് ന്യൂനപക്ഷങ്ങളുടെ ഒരു മുന്നേറ്റം അനിവാര്യമാണ്. പോപുലര്‍ ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്ന നീതിയില്‍ അധിഷ്ഠിതമായ ഇന്ത്യയ്ക്കായി ഒറ്റക്കെട്ടായി പോരാടാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും അഭ്യര്‍ഥിക്കുന്നു.

മുസ്‌ലിം ഉന്‍മൂലനം നടത്തുന്ന ഫാഷിസത്തെ പിടിച്ചുകെട്ടാന്‍ തയ്യാറായതിനാലാണ് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുന്നത്. ആര്‍എസ്എസ്സിന്റെ നയനിലപാടുകള്‍ ഭരണകൂടത്തിന്റെ അജണ്ടയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടുപോവുന്നത്. ഇത്തരമൊരു ഭീകരപ്രസ്ഥാനത്തെ പിടിച്ചുകെട്ടാന്‍ രാജ്യസ്‌നേഹികള്‍ തെരുവിലിറങ്ങേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ ജനകീയപ്രക്ഷോഭത്തിനു തയ്യാറാവേണ്ടതുണ്ട്. ഏതൊക്കെ വിധത്തിലുള്ള കള്ളക്കഥകള്‍ കൊണ്ടും ഈ പ്രയാണത്തെ തടഞ്ഞുനിര്‍ത്താനാവില്ല. കഴിഞ്ഞ ദിവസവും യുപിയില്‍ ആക്രമണം നടത്താനെത്തിയവരെന്നു പറഞ്ഞ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

രാജ്യത്തെ എല്ലാമുക്കിലും മൂലയിലും പോപുലര്‍ ഫ്രണ്ടിന്റെ മൂവര്‍ണ പതാക ഉയര്‍ത്തുന്നതിനു വേണ്ടിയാണ് അവരെല്ലാം യാത്രചെയ്യുന്നത്. അതിനെ ഇല്ലാതാക്കാന്‍ ഒരു ഭരണകൂടത്തിനുമാവില്ല. ഇന്നുള്ള തലമുറയെ ഇല്ലാതാക്കിയാലും അടുത്ത തലമുറ ഈ ദൗത്യം ഏറ്റെടുക്കുമെന്നും ഈ മനോഭാവത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ മട്ടന്നൂരില്‍ നടത്തിയ യൂനിറ്റി മാര്‍ച്ച് പാലോട്ടുപള്ളിയില്‍നിന്നാരംഭിച്ച് നഗരം ചുറ്റി നഗരസഭാ സ്‌റ്റേഡിയത്തില്‍ സമാപിച്ചു. യൂനിഫോമണിഞ്ഞ് കാഡറ്റുകള്‍ക്കു പിന്നില്‍ നടന്ന ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എ പി മഹ്മൂദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി അനസ് സ്വാഗതം പറഞ്ഞു. യൂനിറ്റി സോങ്ങിനുശേഷം കര്‍ഷക പ്രക്ഷോഭത്തിനു ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചു. ലത്തീഫ് എടക്കര മുഖ്യപ്രഭാഷണം നടത്തി. എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി കെ ഉനൈസ്, സ്വാഗതസംഘം കണ്‍വീനര്‍ എന്‍ പി ഷക്കീല്‍ സംസാരിച്ചു. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി അല്‍ കൗസരി, സെക്രട്ടറി അഷ്‌കര്‍ മൗലവി, നാഷനല്‍ വുമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എസ് വി ഷമീന സംബന്ധിച്ചു.

Next Story

RELATED STORIES

Share it