Kerala

വംശീയാധിക്ഷേപം; പാനൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരേ കേസെടുക്കണം: എസ് ഡിപി ഐ

വംശീയാധിക്ഷേപം; പാനൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരേ കേസെടുക്കണം: എസ് ഡിപി ഐ
X

കൂത്തുപറമ്പ്: മുസ്‌ലിംകള്‍ക്കെതിരേ വംശീയാധിക്ഷേപവും അസഭ്യവര്‍ഷവും നടത്തിയ പാനൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരേയുള്ള നടപടി സ്ഥലം മാറ്റത്തില്‍ ഒതുങ്ങരുതെന്നും കേസെടുക്കുകയും തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്യണമെന്നും എസ് ഡിപി ഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ഒരു മതത്തിനും മതവിശ്വാസികള്‍ക്കുമെതിരേ ഇത്രമേല്‍ വംശീയവും വര്‍ഗീയവുമായ മനസ്സ് വച്ച് പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റത്തില്‍ മാത്രം ചുരുക്കാതെ ശക്തമായ നിയമനടപടികളിലൂടെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. വകുപ്പുതല അന്വേഷണത്തിനു പുറമെ പോലിസ് അന്വേഷണവും നടത്തി തക്കതായ ശിക്ഷ ഉറപ്പാക്കണം. ഉദ്യോഗസ്ഥ തലത്തിലെ സംഘപരിവാര സ്വാധീനം നേരത്തേ തന്നെ പുറത്തുവന്നിരുന്നെങ്കിലും ഇത്രയധികം കടുത്ത വെറുപ്പും വിദ്വേഷവും പരസ്യമായ പ്രകടിപ്പിക്കുന്നവര്‍ വിരളമാണ്. തന്നെ വിമര്‍ശിക്കുന്നവരെ ഇഡിയെ കൊണ്ട് യുപി ജയിലില്‍ അടപ്പിക്കുമെന്ന ഭീഷണിയും നിസ്സാരമായി കാണാനാവില്ല.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും നഗരസഭയുടെ ചെയര്‍മാനെയും മാത്രമല്ല, എംഎല്‍എയെ പോലും മതത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്. തന്റെ മുന്നിലെത്തുന്ന പൊതുജനങ്ങളോട് നീതിയുക്തമായി പെരുമാറേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവച്ചിട്ടുണ്ടെന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പെരിങ്ങത്തൂരിനെ തീവ്രവാദ ചാപ്പ കുത്തിയതും പാനൂര്‍ നഗരസഭയില്‍ ഇസ്ലാമിക് ബ്രദര്‍ഹുഡാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള പരാമര്‍ശങ്ങള്‍ ഉത്തരേന്ത്യയിലെ സംഘപരിവാര വിദ്വേഷപ്രാസംഗികരെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ളതാണ്. ഫണ്ട് വൈകിപ്പിച്ചും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചും നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. ഉദ്യോഗ-ഭരണതലത്തിലെ മുസ് ലിം പ്രാതിനിധ്യത്തെപ്പോലും അറപ്പോടെയും വെറുപ്പോടെയും കാണുന്ന നഗരസഭാ സെക്രട്ടറിയുടെ നടപടി അങ്ങേയറ്റം അപമാനകരമാണെന്നും അദ്ദേഹത്തിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എസ് ഡിപി ഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു അറസ്റ്റും വകുപ്പ് തല നടപടിയും എടുക്കുന്നത് വരെയുള്ള ശക്തമായ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി നേത്രത്വം നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.





Next Story

RELATED STORIES

Share it