Kerala

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് ? അന്തിമതീരുമാനം എല്‍ഡിഎഫ് യോഗത്തില്‍

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് ? അന്തിമതീരുമാനം എല്‍ഡിഎഫ് യോഗത്തില്‍
X

കോട്ടയം: ജോസ് കെ മാണി രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് നേതൃത്വം കേരളാ കോണ്‍ഗ്രസ്- എമ്മിന് നല്‍കിയേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ഇടതുമുന്നണി യോഗത്തിലുണ്ടാവുമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചു. രാജിവച്ച ഒഴിവ് മൂലമുണ്ടാവുന്ന രാജ്യസഭാ സീറ്റ് അവര്‍ക്കുതന്നെ നല്‍കുന്ന കീഴ്‌വഴക്കം നേരത്തേ എല്‍ജെഡിയോട് എല്‍ഡിഎഫ് സ്വീകരിച്ചിരുന്നു. അതേ മാനദണ്ഡം ജോസ് കെ മാണിയ്ക്കും ബാധകമായിരിക്കുമെന്നാണ് വിവരം.

ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റേതാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി ആശയവിനിമയം നടത്തിയശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത ജോസ് കെ മാണി തള്ളുന്നുമില്ല. ജോസ് കെ മാണി തന്നെ മല്‍സരിക്കുമോ എന്ന ചോദ്യത്തിന്, ആരാവണം സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി നല്‍കിയത്. തീരുമാനമെടുക്കാന്‍ ആവശ്യത്തിലധികം സമയമുണ്ട്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ജോസ് കെ മാണി പറയുന്നത്.

മല്‍സരിക്കുന്നതില്‍നിന്ന് മാറിനില്‍ക്കാന്‍ വ്യക്തിപരമായി തീരുമാനമെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനും പാര്‍ട്ടിയാണ് തീരുമാനമെടുക്കുക എന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി. എങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ ജോസ് കെ മാണി ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കാനിടയില്ലെന്നാണ് സൂചനകള്‍. പകരം സ്റ്റീഫന്‍ ജോര്‍ജ് അടക്കമുള്ളവരാണ് കേരളാ കോണ്‍ഗ്രസ്എമ്മിന്റെ പരിഗണനയിലുള്ളത്. യുഡിഎഫിലായിരിക്കെ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയത് കോണ്‍ഗ്രസ്സിലും മുന്നണിയിലും വലിയ വിവാദത്തിനിടയാക്കിയിരുന്നു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് അന്ന് ജോസ് കെ മാണിക്ക് സീറ്റ് വാങ്ങിനല്‍കിയത്. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതോടെ സംസ്ഥാനത്തൊട്ടാകെ വലിയ പ്രതിഷേധമാണുണ്ടായത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. അന്ന് യുഡിഎഫിലായിരുന്ന ജോസ് കെ മാണിക്കെതിരേ സിപിഎം കടുത്ത വിമര്‍ശനവുമുന്നയിച്ചിരുന്നു.

നാടിനെ അനാഥമാക്കിയാണ് ജോസ് കെ മാണി രാജ്യസഭാ സീറ്റിനായി പോയതെന്നായിരുന്നു വിമര്‍ശനം. പിന്നീട് കേരള കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിട്ടതോടെ ജോസ് രാജ്യസഭാ അംഗത്വവും രാജിവച്ചു. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നീണ്ടുപോയി. കൊവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നവംബര്‍ 29ന് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതുസംബന്ധിച്ച വിജ്ഞാപനം നവംബര്‍ ഒമ്പതിന് പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16 ആണ്. കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം.

Next Story

RELATED STORIES

Share it