Kerala

സുപ്രിംകോടതിയുടെ അനുമതി; പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയല്‍ ഇന്ന് തുടങ്ങും

പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സുപ്രിംകോടതിയുടെ അനുമതി; പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയല്‍ ഇന്ന് തുടങ്ങും
X

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിയ്‌ക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് പാലം പൊളിച്ചുപണിയാന്‍ സുപ്രിംകോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടികള്‍ തുടങ്ങുന്നത്. പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. എട്ടുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ടാറിങ് നീക്കുന്ന ജോലികളായിരിക്കും നടക്കുക.

ഒരാഴ്ചയ്ക്കുളളില്‍ പണി പൂര്‍ത്തിയാക്കി അവശിഷ്ടങ്ങള്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റും. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങള്‍ റോഡ് നിര്‍മാണത്തിന് തന്നെ പുനരുപയോഗിക്കും. രണ്ടാംഘട്ടത്തില്‍ ഗര്‍ഡറുകള്‍ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാവും മുഴുവന്‍ ഗര്‍ഡറുകളും മുറിച്ചുമാറ്റുക. ശേഷം പ്രീ സ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കംചെയ്യുന്നതാണ് അടുത്തഘട്ടം.

അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും ഭാഗികമായും നീക്കംചെയ്യും. ഇത്തരത്തില്‍ എട്ടുമാസത്തോടെ പണി പൂര്‍ത്തിയാക്കി അടുത്തവര്‍ഷം മെയില്‍ പുതിയ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഗതാഗതതടസ്സമുണ്ടാവാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. 18.5 കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള ചെലവ് കണക്കാക്കുന്നത്. 39 കോടി ചെലവില്‍ നിര്‍മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും നിര്‍മാണത്തിലെ അപാകതയെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തിനുളളില്‍ അടയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it