Kerala

ജീവനാഡി അറ്റു; യുഡിഎഫ് വന്‍ തകര്‍ച്ചയിലേക്ക്: മുഖ്യമന്ത്രി

മതനിരപേക്ഷത സംരക്ഷിക്കുന്ന എല്‍ഡിഎഫിനൊപ്പം സഹകരിക്കാന്‍ തയ്യാറാവുകയാണ് ജോസ് കെ മാണി വിഭാഗം ചെയ്തത്. ഇത് യുഡിഎഫിന് ഏല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല.

ജീവനാഡി അറ്റു; യുഡിഎഫ് വന്‍ തകര്‍ച്ചയിലേക്ക്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ പ്രമുഖവിഭാഗമായ ജോസ് കെ മാണിയും മുന്നണി വിട്ടതോടെ വലിയ തോതിലുള്ള തകര്‍ച്ചയിലേക്ക് യുഡിഎഫ് കൂപ്പുകുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ ജീവനാഡി അറ്റുപോയിരിക്കുകയാണ്. അത് മറച്ചുവയ്ക്കാനാണ് അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ജോസ് കെ മാണി വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മതനിരപേക്ഷത സംരക്ഷിക്കുന്ന എല്‍ഡിഎഫിനൊപ്പം സഹകരിക്കാന്‍ തയ്യാറാവുകയാണ് ജോസ് കെ മാണി വിഭാഗം ചെയ്തത്. ഇത് യുഡിഎഫിന് ഏല്‍പ്പിക്കുന്ന ക്ഷതം ചെറുതല്ല. യുഡിഎഫിലെ കക്ഷികള്‍ ഒന്നൊന്നായി മുന്നണി വിട്ടുപോവുകയാണ്. യുഡിഎഫിലെ അണികളും മുന്നണിയെ തിരസ്‌കരിക്കുകയാണ്. കൂടുതല്‍ ജനവിഭാഗങ്ങള്‍ യുഡിഎഫ് വിട്ട് പുറത്തുവരും. യുഡിഎഫിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണ്. എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് ശരിയെന്ന് പ്രഖ്യാപിച്ചാണ് ജോസ് വിഭാഗം യുഡിഎഫ് വിട്ടത്. ഈ നിലപാടവര്‍ സ്വീകരിച്ചതില്‍ ചിലര്‍ക്ക് വിഷമമുണ്ടാവാം. അതവര്‍ സഹിച്ചേ പറ്റൂ.

വലിയൊരു രാഷ്ട്രീയമാറ്റമാണുണ്ടായിരിക്കുന്നത്. ഇത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്തുപകരും. കെ എം മാണിയോട് ഏറ്റവും കൂടുതല്‍ അനീതി കാണിച്ചത് യുഡിഎഫാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. സീറ്റ് വിഭജനം ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ല. ഇപ്പോള്‍ ഉപാധികളില്ലാതെ സഹകരിക്കാനാണ് തീരുമാനം. മറ്റ് കാര്യങ്ങള്‍ ഇടതുമുന്നണി തീരുമാനിക്കും. മുന്നണി മാറാനില്ലെന്ന് മാണി സി കാപ്പന്‍തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it