Kerala

മന്ത്രി എ കെ ബാലനോട് ഒരു ചോദ്യം; നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?

വാളയാർ പീഡനക്കേസിൽ മന്ത്രി എ കെ ബാലനെതിരെ വിമർശനം ഉന്നയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു.

മന്ത്രി എ കെ ബാലനോട് ഒരു ചോദ്യം; നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി?
X

തിരുവനന്തപുരം: വാളയാർ പീഡനക്കേസിൽ മന്ത്രി എ കെ ബാലനെതിരെ വിമർശനം ഉന്നയിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. വാളയാറില്‍ പീഡനത്തിനിരയായി സഹോദരികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരേ പെണ്‍കുട്ടിയുടെ അമ്മ തന്നെ പോലിസിനെ വിമര്‍ശിച്ച് രംഗത്ത് വരികയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കെ ജെ ജേക്കബ് എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റ്.



പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ എ കെ ബാലനോട് ഒരു ചോദ്യം- നിങ്ങള്‍ക്ക് ശരിക്കും എന്താണ് പണി'- ജേക്കബ് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാളയാറിലെ പെൺകുട്ടികളെ ഓർക്കുന്നില്ലേ?

പല പ്രാവശ്യം ബലാൽസംഗം ചെയ്യപ്പെട്ടിരുന്നു എന്നും, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളിൽ പറഞ്ഞിരുന്ന, ആത്മഹത്യ ചെയ്ത എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു പെൺകുഞ്ഞുങ്ങളെ? രണ്ടു ദളിത് പെൺകുട്ടികളെ?

ആ കേസിലെ പ്രതികളായ, ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപ്രതികളെ ഇന്നലത്തെകൊണ്ട് കോടതി വെറുതെ വിട്ടിരിക്കുന്നു.

കാരണം?

തെളിവില്ല

അമ്മ കോടതിയിൽ നേരിട്ട് മൊഴികൊടുത്ത കേസാണ്. പക്ഷെ മൊഴിയിൽ പൊരുത്തക്കേടുണ്ടായിരുന്നു!

കേരളത്തിലാണ്.

എത്ര നീചമായ കുറ്റകൃത്യങ്ങളിലും പെട്ട ആളുകൾക്കുവേണ്ടി വക്കീലന്മാർ ഹാജരാകുന്നത് അവരുടെ പ്രൊഫഷണൽ ചുമതലയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവർക്കുമീതെ തെളിവ് കൊണ്ടുവരാനാണ് പോലീസിനും പ്രോസിക്യൂഷനും നമ്മൾ ശമ്പളം കൊടുക്കുന്നത്.

ഈ കേസിൽ വാദി ഭാഗം വക്കീൽ പറയുന്നത് കേൾക്കൂ:

"പൊലീസിന് സ്വതന്ത്രമായി ഈ കേസന്വേഷിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് തെളിവുകൾ ഇല്ലാതെ പോയത്."

അത്യപൂർവ്വമായി കേൾക്കുന്ന മനസാക്ഷിയുടെ ശബ്ദം.

കേരളത്തിലാണ്.

ആ കുട്ടികൾക്ക് നീതി ലഭിക്കേണ്ട?

സ്വതന്ത്രമായി കേസന്വേഷിക്കുന്നതിൽനിന്നു പോലീസിനെ തടഞ്ഞവർ ആരെന്നു ഈ സമൂഹത്തിനു അറിയേണ്ടേ?

തെളിവുകൾ എവിടെപ്പോയി എന്ന് കണ്ടെത്തേണ്ട?

തൊപ്പിയും കുപ്പായവും വടിയും വാഹനവും ശമ്പളവും കൊടുത്ത് കേസന്വേഷിക്കാൻ നമ്മൾ നിയമിച്ചവരൊക്കെ എന്ത് ചെയ്യുകയായിരുന്നു എന്നറിയേണ്ടേ?

എനിക്കാഗ്രഹമുണ്ട്.

ഈ സർക്കാരിന്റെ കാലത്താണ് രണ്ടു മരണങ്ങളും നടക്കുന്നത്: 2017

ജനുവരിയിലും മാർച്ചിലും.

എട്ടും പതിനൊന്നും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ പീഡനത്തെത്തുടർന്നു ആത്മഹത്യ ചെയ്ത കേസിൽ തെളിവില്ലെന്ന് പറഞ്ഞു കോടതി വെറുതെ വിടുന്നതിൽ ആഭ്യന്തരവകുപ്പിന് ഒരുത്തരവാദിത്തവും ഇല്ലേ? കേസിൽ ഒരു പുനരന്വേഷണവും മനുഷ്യർക്ക് ദഹിക്കുന്ന വിചാരണയും വിധിയും വേണമെന്ന് സർക്കാരിന് തോന്നുന്നില്ലേ?

പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ എ കെ ബാലനോട് ഒരു ചോദ്യം:

നിങ്ങൾക്ക് ശരിക്കും എന്താണ് പണി?

Next Story

RELATED STORIES

Share it