World

ഫായിസ് ഹമീദിനെ മാറ്റി; നദീം അന്‍ജും പുതിയ പാക് ഐഎസ്‌ഐ മേധാവി

ഫായിസ് ഹമീദിനെ മാറ്റി; നദീം അന്‍ജും പുതിയ പാക് ഐഎസ്‌ഐ മേധാവി
X

ഇസ്‌ലാമാബാദ്: സൈനിക തലപ്പത്ത് നിര്‍ണായക മാറ്റങ്ങള്‍ വരുത്തി പാകിസ്താന്‍. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ നദീം അന്‍ജുമിനെ നിയമിച്ചു. പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സാണ് നിയമനവിവരം പുറത്തുവിട്ടത്. ജനറല്‍ ഫായിസ് ഹമീദിനെ മാറ്റിയാണ് അന്‍ജുമിന്റെ അപ്രതീക്ഷിത നിയമനം. കറാച്ചിയിലെ പാകിസ്താന്‍ വി കോര്‍പ്‌സിന്റെ കമാന്‍ഡര്‍ സ്ഥാനത്തുനിന്നാണ് അന്‍ജും ഐഎസ്‌ഐ തലപ്പത്തെത്തുന്നത്.

അതേസമയം, ഐഎസ്‌ഐ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ ഹമീദിനെ പെഷവാര്‍ കോര്‍പ്‌സ് കമാന്‍ഡറായി നിയമിച്ചു. ഇദ്ദേഹം സൈനിക മേധാവിയാവുമെന്നും റിപോര്‍ട്ടുകളുണ്ട്. 2019 ജൂണ്‍ 16നാണ് ഹമീദ് ഐഎസ്‌ഐ മേധാവിയായി നിയമിതനാവുന്നത്. പാക് സൈനികമേധാവി ഖമര്‍ ബജ്‌വയുടെ അടുത്ത അനുയായിയായ ഹമീദ് നേരത്തേ ഐഎസ്‌ഐയുടെ ആഭ്യന്തര സുരക്ഷാവിഭാഗം മേധാവിയായിരുന്നു. പാകിസ്താന്‍ ആര്‍മിയുടെ പഞ്ചാബ് റെജിമെന്റില്‍നിന്നുള്ള ലെഫ്റ്റനന്റ് ജനറലാണ് അന്‍ജും. നിലവില്‍ ഐഎസ്‌ഐ തലവനെ നിയമിക്കുന്നത് പ്രധാനമന്ത്രിയുടെ അധികാര പരിധിയിലാണ്.

എന്നാല്‍, പാക് സൈനിക തലവനുമായി കൂടിയാലോചിച്ചാണ് പുതിയ ഐഎസ്‌ഐ തലവനെ നിയമിച്ചതെന്നാണ് മാധ്യമവാര്‍ത്തകള്‍. പാക് സൈന്യത്തിലെ നിര്‍ണായക ശക്തിയായാണ് ഐഎസ്‌ഐയെ കണക്കാക്കുന്നത്. പാക് സൈനിക മേധാവി ഖമര്‍ ബജ്‌വയുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നു ഐഎസ്‌ഐ മേധാവിയായിരുന്ന ഹമീദ്. രാജ്യത്തിനകത്തും പുറത്തും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയായിരുന്നു ഹമീദിനെ ഐഎസ്‌ഐ മേധാവിയായി നിയമിച്ചിരുന്നത്. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ക്കും താലിബാനുമായുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കുമൊക്കൈ ഹമീദായിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്.

നിലവിലെ പാക് സൈനിക മേധാവി ബജ്‌വ 2022 നവംബറില്‍ തന്റെ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുകയാണ്. ലെഫ്റ്റനന്റ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ, ലെഫ്. ജനറല്‍ അസ്ഹര്‍ അബ്ബാസ്, ലെഫ്. ജനറല്‍ നൗമാന്‍ മഹ്മൂദ് എന്നിവരാണ് സീനിയര്‍ ജനറല്‍ തസ്തികകളില്‍ സേവനം അനുഷ്ടിക്കുന്നത്. ലഫ്.ജനറല്‍ മുഹമ്മദ് ആമിറിനെ പാകിസ്താന്‍ സൈന്യത്തിന്റെ പ്രധാന ആക്രമണ രൂപീകരണമായ ഗുജ്‌റന്‍വാല കോര്‍പ്‌സ് കമാന്‍ഡറായി നിയമിച്ചു. ലെഫ്റ്റനന്റ് ജനറല്‍ അസിം മുനീര്‍ സൈന്യത്തിന്റെ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ജനറലായും നിയമിതനായട്ടുണ്ട്.

Next Story

RELATED STORIES

Share it