World

യുഎസ് കോണ്‍ഗ്രസ് ഓഫിസിലെ മാപ്പില്‍ നിന്ന് ഇസ്രായേല്‍ നീക്കം ചെയ്ത് റാഷിദ തലാഇബ്

ഓഫിസില്‍ തൂക്കിയിട്ടുള്ള മാപ്പില്‍ ഇസ്രായേലിന്റെ സ്ഥാനത്ത് ഫലസ്തീന്‍ എന്നെഴുതിയ സ്റ്റിക്കറൊട്ടിക്കുകയും അധിനിവേശ പ്രദേശങ്ങളുടെ നേര്‍ക്ക് ഒരു അമ്പ് ചിഹ്നം ഇടുകയുമാണ് ചെയ്തിട്ടുള്ളത്.

യുഎസ് കോണ്‍ഗ്രസ് ഓഫിസിലെ മാപ്പില്‍ നിന്ന് ഇസ്രായേല്‍ നീക്കം ചെയ്ത് റാഷിദ തലാഇബ്
X

വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഫലസ്തീന്‍ വനിതയായ റാഷിദ തലാഇബ് വാഷിങ്ടണ്‍ ഡിസിയിലെ തന്റെ ഔദ്യോഗിക ഓഫിസിലുള്ള മാപ്പില്‍ മാറ്റം വരുത്തി. മാപ്പിലുള്ള ഇസ്രായേല്‍ എന്നത് മാറ്റി ഫലസ്തീന്‍ ആക്കുകയാണ് ചെയ്തത്.

മിഷിഗണില്‍ നിന്നുള്ള ഡമോക്രാറ്റ് പ്രതിനിധിയായ തലാഇബ് വ്യാഴാഴ്ച്ച കോണ്‍ഗ്രസിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അവരുടെ ഓഫിസ് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകനാണ് ഇക്കാര്യം ശ്രദ്ധിച്ചത്. ഓഫിസില്‍ തൂക്കിയിട്ടുള്ള മാപ്പില്‍ ഇസ്രായേലിന്റെ സ്ഥാനത്ത് ഫലസ്തീന്‍ എന്നെഴുതിയ സ്റ്റിക്കറൊട്ടിക്കുകയും അധിനിവേശ പ്രദേശങ്ങളുടെ നേര്‍ക്ക് ഒരു അമ്പ് ചിഹ്നം ഇടുകയുമാണ് ചെയ്തിട്ടുള്ളത്.

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ താഴെയിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് തലാഇബ് യുഎസ് കോണ്‍ഗ്രസിലെ തന്റെ ദൗത്യത്തിന് തുടക്കം കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട ട്രംപിനെ പരാമര്‍ശിച്ച വളരെ പ്രകോപനപരമായ വാക്ക് ഉപയോഗിച്ചത് റിപബ്ലിക്കന്‍മാരെ ചൊടിപ്പിച്ചിട്ടുണ്ട്.

തലാഇബിന്റെ പ്രസ്താവനയെ അപലപിക്കണമെന്ന് സ്പീക്കര്‍ നാന്‍സി പെലോസിയോട് റിപബ്ലിക്കന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, തലാഇബിന്റെ ഭാഷ തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും അത് ട്രംപിന്റെ അത്ര മോശമല്ലെന്നാണ് ഇതേക്കുറിച്ച് പെലോസി പ്രതികരിച്ചത്.

ഖുര്‍ആനില്‍ തൊട്ടുകൊണ്ടാണ് തലാഇബ് യുഎസ് കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞ ചെയ്തത്.



Next Story

RELATED STORIES

Share it