Gulf

ഒടുവില്‍ മലയാളിയുടെ മൃതദേഹത്തിന് നീതി; ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

ബഹ്‌റൈനിലെ റോഡരികില്‍ മൊയ്തീനെ അവശ നിലയില്‍ കണ്ട പ്രദേശവാസികള്‍, ആംബലുന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഒടുവില്‍ മലയാളിയുടെ മൃതദേഹത്തിന് നീതി; ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
X


പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിയമകുരുക്കില്‍ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിന് ഒടുവിലാണ് അതിസങ്കീര്‍ണമായ നിയമനടപടികള്‍ ഒഴിവായത്. മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കള്‍ നേരിട്ട അനിശ്ചിതത്വം കൂടിയാണ് ഇല്ലാതാകുന്നത്.

ഇക്കഴിഞ്ഞ പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാന്‍ മൊയ്തീന്റെ ബന്ധുക്കള്‍ സമീപിക്കാത്ത ഇടങ്ങള്‍ ഇല്ലായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍, സംഘടനകള്‍ , രാഷ്ട്രീയ നേതൃത്വങ്ങള്‍ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല. ഇതിനൊടുവിലാണ് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് മൊയ്തീന്റെ സഹോദരന്‍ എം.എ യൂസഫലിയെ സമീപിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടന്‍തന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയും സങ്കീര്‍ണമായ നിയമനടപടികള്‍ ഒഴിവാക്കി മൃതദേഹം വിട്ടുനല്‍കാന്‍ അധികാരികള്‍ അനുമതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ 24 വര്‍ഷമായി മൊയ്തീന്‍ ഗള്‍ഫിലായിരുന്നു. വീട്ടുകാരുമായി അധികം അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ മൊയ്തീന്‍ ബന്ധപ്പെട്ടിരുന്നില്ല. അഞ്ച് വര്‍ഷത്തിലൊരിക്കലേ ബന്ധുക്കളെ വിളിക്കാറുള്ളൂ. 2022 ഒക്ടോബര്‍ 19ന് ബഹ്‌റൈനിലെ റോഡരികില്‍ മൊയ്തീനെ അവശ നിലയില്‍ കണ്ട പ്രദേശവാസികള്‍, ആംബലുന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയില്‍ വച്ച് മൊയ്തീന്‍ മരണപ്പെട്ടു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കാന്‍ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കള്‍ സമീപിച്ചെങ്കിലും നിയമകുരുക്ക് തടസമായി. മൊയ്തീന്റെ സഹോദരനും ചങ്ങരംകുളം നരണിപ്പുഴ മഹല്ല് പ്രസിഡന്റുമായ മാളിയേക്കല്‍ സുലൈമാന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും വഴി നിരവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.



ജില്ലാ കളക്ടര്‍ വഴി സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ടെങ്കിലും കോടതി നടപടികള്‍ പൂര്‍ത്തിയാകാതെ വിട്ടുനല്‍കാനാകില്ലെന്നായിരുന്നു മറുപടി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ അഭ്യര്‍ത്ഥനയുമായി പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് എം.എ യൂസഫലിയെ സമീപിച്ചു. ദിവസങ്ങള്‍ക്കകം മൃതദേഹം വിട്ടു കിട്ടാന്‍ വഴിയൊരുങ്ങുമെന്ന് സുലൈമാനെ നേരിട്ട് വിളിച്ച് എം.എ യൂസഫലി ഉറപ്പ് നല്‍കി.

പത്ത് മാസത്തിലേറെയായി നിയമസങ്കീര്‍ണതകളില്‍ കുരുങ്ങിയത് ദിവസങ്ങള്‍ക്കുള്ളില്‍ അഴിഞ്ഞു. സിഐഡി ഓഫീസിലും, കോണ്‍സുലേറ്റിലുമായി ലുലു ഗ്രൂപ്പ് ജീവനക്കാര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടു. എം.എ യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാന മന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതോടെ ഫലം കണ്ടു. സങ്കീര്‍ണമായ നിയമനടപടികള്‍ ലഘൂകരിച്ച് മൊയ്തീന്റെ മൃതദേഹം ബഹ്‌റൈന്‍ അധികാരികള്‍ സല്‍മാനിയ മോര്‍ച്ചറിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബന്ധുക്കളും ലുലു ഗ്രൂപ്പ് പ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ലുലു ബഹ്‌റൈന്‍ ആന്‍ഡ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു ബഹ്‌റൈന്‍ റീജൈണല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍, ലുലു ബഹ്‌റൈന്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് മൊയ്തീന്റെ ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ബഹ്‌റൈനിലെ കുവൈത്ത് മസ്ജിദില്‍ ഖബറടക്കി.കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ പറഞ്ഞു.





Next Story

RELATED STORIES

Share it