Gulf

സാംസ്‌കാരിക സ്വത്വം തിരിച്ചുപിടിക്കുക: തനത് സാംസ്‌കാരിക വേദി

പിന്നാക്ക ദലിത് വിഭാഗങ്ങളുടെ സാംസ്‌കാരിക വേരുകള്‍ അറുത്തത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഭൂമി തിരിച്ചുപിടിക്കല്‍ നിയമം, ഭാഷാ നയം എന്നിവയിലൂടെയാണ്.

സാംസ്‌കാരിക സ്വത്വം തിരിച്ചുപിടിക്കുക: തനത് സാംസ്‌കാരിക വേദി
X

ദോഹ: സാംസ്‌കാരിക അധിനിവേശവും സാംസ്‌കാരിക ഫാഷിസവും ആഴത്തില്‍ മുറിവേല്‍പ്പിച്ച നമ്മുടെ രാജ്യത്തെ സാംസ്‌കാരിക സ്വത്വത്തിലേക്കു തിരിച്ചു നടത്തണമെന്ന് ഖത്തര്‍ ദോഹയിലെ മന്‍സൂറ വില്ലയില്‍ നടന്ന തനത് സാംസ്‌കാരിക വേദി ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു.

പിന്നാക്ക ദലിത് വിഭാഗങ്ങളുടെ സാംസ്‌കാരിക വേരുകള്‍ അറുത്തത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഭൂമി തിരിച്ചുപിടിക്കല്‍ നിയമം, ഭാഷാ നയം എന്നിവയിലൂടെയാണ്. മുസ്ലിംകളുടെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന വഖ്ഫ് സ്വത്ത് സര്‍ക്കാരിന്റേതാക്കിയും മുസ്‌ലിംകളടക്കമുള്ള വിഭാഗങ്ങളെ സാംസ്‌കാരിക പരിസരത്തുനിന്നു മാറ്റി നിര്‍ത്തുകയും ചെയ്തത് ബ്രിട്ടീഷുകാരാണ്. അതേ തന്ത്രമാണ് പിന്നീട് അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും നടപ്പാക്കിയിട്ടുള്ളത്.

അസ്ഥിത്വം നിലനിര്‍ത്താന്‍ സമരമാര്‍ഗങ്ങളിലേക്കു പോയവരെ സാംസ്‌കാരിക ഇടപെടലുകളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ക്ഷേത്രകലകള്‍ സവര്‍ണവിഭാഗങ്ങളുടെ ഉല്ലാസത്തിനുള്ള ഉപാധികള്‍ മാത്രമായി മാറിയപ്പോള്‍ മാപ്പിളകലകള്‍ ജനകീയ കലകളായി മാറിയതില്‍ നിന്നു തന്നെ ബഹുദൂരം പിന്നില്‍ നിര്‍ത്തിയ ഒരു വിഭാഗത്തിന്റെ സാംസ്‌കാരിക ഉള്‍ക്കരുത്താണ് ബോധ്യപ്പെടുത്തുന്നതെന്ന് ജനറല്‍ ബോഡി വിലയിരുത്തി.

തനത് സാംസ്‌കാരിക വേദിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ റഊഫ് അവതരിപ്പിച്ചു. 2019-20 കാലയളവിലേക്കുള്ള ഭാരവാഹികളായി എ എം നജീബ് (പ്രസിഡന്റ്) സി അബ്ദുല്‍ റഊഫ് (ജനറല്‍ സെക്രട്ടറി), സിറാജുല്‍ ഹസന്‍, ഷബ്‌ന ഫൈസല്‍ (വൈസ് പ്രസിഡന്റുമാര്‍), ഡോ. മുബീന, നവാസ് പാടൂര്‍ (സെക്രട്ടറിമാര്‍), ലുഖ്മാനുല്‍ ഹഖീം (ട്രഷറര്‍), ജിഫാസ് ജമാല്‍ (പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ്) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുസ്സലാം കുന്നുമ്മല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിന്റെ കഥ പറയുന്ന 'ലെമണ്‍ട്രീ' സിനിമയും പ്രദര്‍ശിപ്പിച്ചു.

Next Story

RELATED STORIES

Share it