Pravasi

സൗദിയിലേക്ക് മദ്യക്കടത്ത് നടത്തുന്നതിൽ ഏറെയും മലയാളികൾ

തൊണ്ടിമുതൽ മറ്റാരുടെ ആണെങ്കിലും പിടിക്കപ്പെടുന്ന വാഹനത്തിന്റെ ഡ്രൈവർക്കാണ് പൂർണ ഉത്തരവാദിത്വം

സൗദിയിലേക്ക് മദ്യക്കടത്ത് നടത്തുന്നതിൽ ഏറെയും മലയാളികൾ
X

അഹ്മദ് യൂസുഫ്

ദമ്മാം: ബഹ്‌റൈൻ, ദുബയ് പോലുള്ള അതിർത്തി രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് മദ്യക്കടത്ത് നടത്തുന്നതിൽ ഏറെയും മലയാളികളാണെന്ന് ദമ്മാം ക്രിമിനൽ കോർട്ടിലെ പരിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദ് നജാത്തി പറഞ്ഞു. ദമ്മാമിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുണ്ടായിരുന്ന കസ്റ്റംസ് നിയമം പരിഷകരിച്ചതോടെ പിടിക്കപ്പെടുന്നവർക്ക് വൻ പിഴയാണ് ഈടാക്കുന്നത്. നിയമവിരുദ്ധമായി കടത്തുന്ന ഓരോ ലിറ്റർ മദ്യത്തിനും 1500 റിയാൽ (30000 രൂപ) പിഴയും, ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

തൊണ്ടിമുതൽ മറ്റാരുടെ ആണെങ്കിലും പിടിക്കപ്പെടുന്ന വാഹനത്തിന്റെ ഡ്രൈവർക്കാണ് പൂർണ ഉത്തരവാദിത്വം. തൃശൂർ വരവൂർ സ്വദേശിയെ 362 കുപ്പി വിദേശ മദ്യവുമായി പിടികൂടിയതിന് വാഹനം കണ്ടുകെട്ടാനും 2 വർഷം ജയിൽ ശിക്ഷക്കും ദമ്മാം കോടതി വിധിച്ചു. ബഹ്‌റൈൻ, യുഎഇ പോലുള്ള രാജ്യങ്ങളിലെ മലയാളികൾ വാഹനങ്ങളിൽ പ്രത്യേകതരം രഹസ്യ അറകൾ നിർമിച്ച് അതിൽ ഒളിപ്പിച്ചാണ് മദ്യം രാജ്യത്തേക്ക് കടത്തുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

സൗദിയിലെ ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് പിടിക്കപ്പെട്ട കേസ് കോടതിയിൽ എത്തിയാലും ക്രിമിനൽ കോടതിയിൽ അപ്പീൽ പോകുന്നതിൽ വലിയ പ്രതീക്ഷ അർപ്പിക്കേണ്ടതില്ല എന്നാണു നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാരണം കസ്റ്റംസ് വിഭാഗം കണക്കാക്കിയ തുകയിൽ അപ്പീൽ കോടതി മാറ്റം വരുത്തുകയില്ല. ഒരു വർഷമായി പ്രാബല്യത്തിൽ വന്ന കസ്റ്റംസ് നിയമ പ്രകാരം നേരത്തേതിനേക്കാൾ വ്യത്യസ്തമായി പിടിക്കപ്പെടുന്ന വാഹനത്തിൽ ഫാമിലി ഉണ്ടെങ്കിൽ അവരെയും കേസിൽ ഉൾപ്പെടുത്തൻ സാധ്യതയുണ്ട്.

ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ മദ്യക്കച്ചവടം നടത്തിയത് മലയാളികളാണ്. ആളുകൾ പിടിക്കപ്പെടുകയും പിഴകൾ ഏറുകയും ചെയ്തിട്ടുണ്ട്. കിഴക്കൻ പ്രവിശ്യയിലെ കസ്റ്റംസിന്റെ മുഴുവൻ കേസുകളും ദമ്മാം ക്രിമിനൽ കോടതിയിലാണ് വരുന്നത്. പെട്ടന്ന് കാശുണ്ടാക്കാൻ സൗദിയിലേക്ക് മദ്യം കടത്തുന്ന മലയാളികൾ അടക്കമുള്ളവരുടെ എണ്ണം പെരുകുമ്പോഴും കസ്റ്റംസ് നിയമത്തിൽ വന്ന വലിയ മാറ്റവും വൻ പിഴയും ജയിലിൽ കിടക്കേണ്ട കാലാവധിയും ഒന്നും ഇത്തരക്കാർ അറിയുന്നില്ലെന്നും മുഹമ്മദ് നജാത്തി പറഞ്ഞു.

Next Story

RELATED STORIES

Share it