Cricket

കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ്; അഖിലിനും സല്‍മാനും അര്‍ദ്ധസെഞ്ചുറി

കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ്; അഖിലിനും സല്‍മാനും അര്‍ദ്ധസെഞ്ചുറി
X

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ മിന്നും വിജയം സ്വന്തമാക്കി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. മഴയെ തുടര്‍ന്നു 19 ഓവര്‍ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 38 റണ്‍സിന്റെ വിജയമാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രോഹന്‍ കുന്നുമ്മല്‍ നയിച്ച കാലിക്കറ്റ് 19 ഓവറില്‍ ആറു വിക്കറ്റിനു 155 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ തൃശൂരിന്റെ ലക്ഷ്യം 19 ഓവറില്‍ 159 റണ്‍സായി ചുരുക്കിയിരുന്നു. വരുണ്‍ നയനാരുടെ തൃശൂര്‍ 18.2 ഓവറില്‍ 120നു ഓള്‍ഔട്ടാവുകയായിരുന്നു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുമായുള്ള അകലം രണ്ടു പോയിന്റാക്കി കുറച്ചിരിക്കുകയാണ് കാലിക്കറ്റ് . ഏരീസിനു ആറു കളിയില്‍ 10ഉം കാലിക്കറ്റിനു എട്ടും പോയിന്റാണുള്ളത്. 159 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് ടീമിനായി ബാറ്റിങില്‍ ആരും കാര്യമായി തിളങ്ങിയില്ല. മൂന്നാം നമ്പറില്‍ കളിച്ച അഹമ്മദ് ഇമ്രാന്‍ (35), ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങിയ ഏദന്‍ ആപ്പിള്‍ ടോം (33) എന്നിവരൊഴികെ മറ്റാര്‍ക്കും ഫോം കണ്ടെത്താനായില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത എം നിഖിലും പി അന്‍ഫലും ചേര്‍ന്നാണ് തൃശൂരിനെ തകര്‍ത്തത്. അഖില്‍ സ്‌കറിയ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിനു 155 റണ്‍സെന്ന മോശമല്ലാത്ത സ്‌കോറിലെത്തിച്ചത് അഖില്‍ സ്‌കറിയയും (54), സല്‍മാന്‍ നിസാറുമാണ് (53*). 27 ബോളിലാണ് സല്‍മാന്‍ 53 റണ്‍സിലെത്തിയത്. അഞ്ചു സിക്സറും ഒരു ഫോറും ഉള്‍പെടുന്നതാണ് ഇന്നിങ്‌സ്. അഖിലാവട്ടെ 43 ബോളില്‍ ഏഴു ഫോറും ഒരു സിക്സറുമടിച്ചു. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 19 ബോളില്‍ 23 റണ്‍സ് നേടി ക്രീസ് വിടുകയായിരുന്നു. തൃശൂരിനായി മോനു കുമാര്‍ മൂന്നും മുഹമ്മദ് ഇഷാഖ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ന് നടന്ന ആദ്യ മല്‍സരത്തില്‍ ആലപ്പി റിപ്പിള്‍സിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഞ്ച് വിക്കറ്റിന് 163 റണ്‍സെടുത്തപ്പോള്‍ ആലപ്പിക്ക് 8 വിക്കറ്റിന് 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.164 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ആലപ്പിക്ക് മികച്ച തുടക്കം ലഭിച്ചു. റിപ്പിള്‍സിനായി നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കസറി. 38 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് അദ്ദേഹം നേടിയത്.








Next Story

RELATED STORIES

Share it