Cricket

13 വര്‍ഷത്തിന് ശേഷം കോഹ്‌ലി രഞ്ജി ട്രോഫിയില്‍ ഇറങ്ങി; അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു

13 വര്‍ഷത്തിന് ശേഷം കോഹ്‌ലി രഞ്ജി ട്രോഫിയില്‍ ഇറങ്ങി; അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു
X

ന്യൂഡല്‍ഹി: 13 വര്‍ഷത്തിനു ശേഷമുള്ള കോഹ് ലിയുടെ ആദ്യത്തെ ആഭ്യന്തര റെഡ് ബോള്‍ മത്സരം കാണാന്‍ അരുണ്‍ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ ഒഴുകി എത്തി. റെയില്‍വേസിനെതിരെ കോഹ് ലി രഞ്ജി കളിക്കുന്നത് കാണാന്‍ ഏകദേശം 10,000 പേര്‍ എത്തുമെന്നായിരുന്നു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) കണക്കുകൂട്ടല്‍. എന്നാല്‍ ആ കണക്കുകൂട്ടല്‍ തെറ്റിച്ച് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തുന്നതാണ് പിന്നീട് കണ്ടത്. കോഹ് ലിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തിന്റെ പ്രകടനം നേരിട്ട് കാണാന്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍ നിന്നത്. രഞ്ജി ട്രോഫി മത്സരത്തിന് ഇത്രയുമധികം ആളുകള്‍ കളി കാണാന്‍ വരുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്.

ഇന്ന് രാവിലെ കളി ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ, കോഹ്ലിയുടെ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ തിരക്കുകൂട്ടി. ആദ്യം, ഡിഡിസിഎ ഏകദേശം 6,000 പേരെ ഉള്‍ക്കൊള്ളുന്ന 'ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ്' കാണികള്‍ക്കായി തുറന്നുകൊടുത്തു. പക്ഷേ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ 14,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 'ബിഷന്‍ ബേദി സ്റ്റാന്‍ഡ്' തുറക്കാന്‍ നിര്‍ബന്ധിതരായി.

കോഹ് ലി, കോഹ് ലി ' എന്ന കാതടപ്പിക്കുന്ന ആര്‍പ്പുവിളികളും ആരവങ്ങളും കൊണ്ട് മുഖരിതമായിരുന്നു സ്റ്റേഡിയം. രണ്ടാം സ്ലിപ്പില്‍ കോഹ്ലിയെ നിയമിച്ചതോടെ, അദ്ദേഹത്തിന്റെ ഓരോ നീക്കവും കാണികളുടെ ആര്‍പ്പുവിളികള്‍ ഏറ്റുവാങ്ങി. പന്ത്രണ്ടാം ഓവറില്‍, ഒരു ആരാധകന്‍ സുരക്ഷാക്രമീകരണങ്ങള്‍ ലംഘിച്ച് കോഹ് ലിയുടെ അടുത്തേക്ക് ഓടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പെട്ടെന്ന് കൊണ്ടുപോകുന്നതിന് മുമ്പ്, കോഹ്ലിയുടെ കാലില്‍ തൊട്ട് ആണ് ആരാധകന്‍ മടങ്ങിയത്.

അടുത്തകാലത്തായി താരം ഫോം ഔട്ടാണെങ്കിലും സൂപ്പര്‍ താരത്തിനോടുള്ള ആരാധന എത്രമാത്രം ഉണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ഡല്‍ഹിയില്‍ സ്‌റ്റേഡിയത്തിലെ ആരാധക പ്രവാഹം.


Next Story

RELATED STORIES

Share it