Football

യൂറോ; ക്രൊയേഷ്യയുടെ നെഞ്ച് പിളര്‍ത്തി ഇറ്റലി; നോക്കൗട്ടില്‍ സ്‌പെയിനിനൊപ്പം അസൂറികളും

13-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോള്‍വഴിയാണ് സ്പെയിന്‍ മുന്നിലെത്തിയത്.

യൂറോ; ക്രൊയേഷ്യയുടെ നെഞ്ച് പിളര്‍ത്തി ഇറ്റലി; നോക്കൗട്ടില്‍ സ്‌പെയിനിനൊപ്പം അസൂറികളും
X

ലെപ്‌സീഗ്: യൂറോ കപ്പിലെ ജയമുറപ്പിച്ച മല്‍സരത്തില്‍ ക്രൊയേഷ്യയുടെ നെഞ്ച് പിളര്‍ത്തി മാറ്റിയ സക്കാനി എന്ന പകരക്കാരന്‍ ഇറ്റലിയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ തകര്‍ന്നത് ലൂക്കാ മൊഡ്രിച്ചിന്റെയും കൂട്ടരുടെയും യൂറോ സ്വപ്‌നങ്ങള്‍. തോല്‍വിയോടെ ക്രൊയേഷ്യയുടെ സാധ്യതകള്‍ മങ്ങിയപ്പോള്‍ ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക് അടിച്ചുകേറി. 4 പോയിന്റോടെ ബി ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി നോക്കൗട്ട് ഉറപ്പിച്ചത്.

ലെപ്‌സീഗിലെ റെഡ്ബുള്‍ അരീനയില്‍ രണ്ടാം പകുതിയിലാണ് ഇറ്റലി- ക്രൊയേഷ്യ മത്സരം സംഭവബഹുലമായത്. 54ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കു പെനല്‍റ്റി. ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്റെ കിക്ക് ഇറ്റലി ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ഡൊന്നാരുമ്മ സേവ് ചെയ്തു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ മോഡ്രിച്ച് ഗോള്‍ നേടി. ബുദിമിര്‍ പായിച്ച ഷോട്ട് ഡൊന്നാരുമ്മ തടഞ്ഞെങ്കിലും പന്ത് വന്നു വീണത് മോഡ്രിച്ചിന്റെ കാല്‍ക്കല്‍. റയല്‍ മഡ്രിഡ് മിഡ്ഫീല്‍ഡറുടെ തകര്‍പ്പന്‍ ഷോട്ട് തടയാന്‍ ഇത്തവണ ഡൊന്നാരുമ്മയ്ക്കായില്ല.

ഗോള്‍ വഴങ്ങിയതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായ ഇറ്റലിയുടെ പോരാട്ടം അവിടെ തുടങ്ങി. മലവെള്ളപ്പാച്ചില്‍ പോലെ ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് ഇരമ്പിക്കയറിയ അവരെ ഭാഗ്യം തുണച്ചത് കളിയുടെ അവസാന മിനിറ്റില്‍. കഴിഞ്ഞ കളിയില്‍ സ്‌പെയിനെതിരെ സെല്‍ഫ് ഗോള്‍ നേടിയ കലഫിയോറിയാണ് മുന്നേറ്റത്തിനു തുടക്കമിട്ടത്. ക്രൊയേഷ്യ പെനല്‍റ്റി ഏരിയയ്ക്കുള്ളില്‍ കലഫിയോറി പന്ത് സക്കാനിക്കു മറിച്ചു. ഇരുപത്തൊന്‍പതുകാരന്‍ ലാസിയോ താരത്തിന്റെ ഫസ്റ്റ് ടൈം ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ചിന് ഒരു അവസരവും നല്‍കിയില്ല.


ഇതേ ഗ്രൂപ്പില്‍ അല്‍ബേനിയക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച് സ്പെയിന്‍. ക്രൊയേഷ്യയക്കെതിരെയും ഇറ്റലിക്കെതിരെയും ജയം നേടി നേരത്തേ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സ്പെയിന്‍, അല്‍ബേനിയയെക്കൂടി തോല്‍പ്പിച്ച് അപരാജിതക്കുതിപ്പ് തുടര്‍ന്നു. 13-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഗോള്‍വഴിയാണ് സ്പെയിന്‍ മുന്നിലെത്തിയത്.

ഡാനി ഒല്‍മോ അല്‍ബേനിയന്‍ ബോക്സിനകത്തേക്ക് ഫെറാന്‍ ടോറസിന് നല്‍കിയ പാസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. അല്‍ബേനിയയുടെ പ്രതിരോധപ്പിഴവില്‍നിന്നുണ്ടായ ഗോളാണിത്. പ്രതിരോധ താരങ്ങള്‍ ബോക്സില്‍ നിലയുറപ്പിക്കും മുന്നെത്തന്നെ ടോറസ് പന്ത് വലയുടെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റി (10).തുടര്‍ന്നും സ്പെയിന്‍ കളിയില്‍ ആധിപത്യം തുടര്‍ന്നെങ്കിലും ഗോള്‍ നേടാനായില്ല. ആദ്യപകുതിയില്‍ ടോറസ്, മെറിനോ, ഡാനി ഒല്‍മോ എന്നിവര്‍ക്കെല്ലാം അവസരം ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല. അതേസമയം അല്‍ബേനിയ സ്പെയിന്‍ പോലെയൊരു വന്‍ ടീമിനു മുന്നില്‍ മികച്ച പോരാട്ടവീര്യമാണ് നടത്തിയത്. നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും സ്പെയിന്‍ പ്രതിരോധത്തില്‍ തട്ടി ഇല്ലാതായി. അവസാന നിമിഷങ്ങളില്‍ മികച്ച നീക്കമാണ് അല്‍ബേനിയയുടെ ഭാഗത്തുനിന്നുണ്ടായത്. സ്പെയിന്‍ ഗോള്‍ക്കീപ്പര്‍ ഡേവിഡ് റയയെ പരീക്ഷിക്കാനും അല്‍ബേനിയക്ക് കഴിഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിയിലും തോല്‍ക്കാതെയും ഒറ്റഗോള്‍പോലും വഴങ്ങാതെയുമാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തുന്നത്. ഗ്രൂപ്പ് ബി യില്‍ മൂന്ന് കളിയില്‍ മൂന്ന് ജയവുമായി സ്പെയിന്‍ ഒന്നാമതാണ്. ഓരോന്നുവീതം ജയവും സമനിലയും തോല്‍വിയുമായി ഇറ്റലി രണ്ടാമതും രണ്ട് സമനിലയും ഒരു തോല്‍വിയുമായി ക്രൊയേഷ്യ മൂന്നാമതുമാണ്. മൂന്ന് കളികളില്‍ ഒരു സമനിലയും രണ്ട് തോല്‍വികളുമായി അല്‍ബേനിയ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്പെയിനും ഇറ്റലിയും നോക്കൗട്ട് ഉറപ്പിച്ചുകഴിഞ്ഞു. ക്രൊയേഷ്യയുടെ സാധ്യത വളരെ ഇടുങ്ങിയതാണ്.


Next Story

RELATED STORIES

Share it