Football

ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് കലാശക്കൊട്ട്; കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരളയും ചര്‍ച്ചില്‍ ബ്രദേഴ്‌സും

ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് കലാശക്കൊട്ട്; കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരളയും ചര്‍ച്ചില്‍ ബ്രദേഴ്‌സും
X

കോഴിക്കോട്: ഐ ലീഗ് ഫുട്ബോള്‍ 2024-25 സീസണിന്റെ സൂപ്പര്‍ ക്ലൈമാക്സ് ഇന്ന്. വൈകുന്നേരം നാലിന് നടക്കുന്ന മത്സരങ്ങളുടെ ഫലമാണ് ഐ ലീഗ് ചാമ്പ്യന്മാരെ നിര്‍ണയിക്കുക. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഗോകുലം കേരള എഫ്സി ഡെംപൊ ഗോവയെയും ബംഗളിലെ കല്യാണി സ്റ്റേഡിയത്തില്‍ ഇന്റര്‍ കാശി രാജസ്ഥാന്‍ യുണൈറ്റഡിനെയും ശ്രീനഗറില്‍ റിയല്‍ കാഷ്മീര്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെയും നേരിടും.

21 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോകുലം കേരള എഫ്സിക്ക് 11 ജയവും നാലു സമനിലയും ഉള്‍പ്പെടെ 37 പോയിന്റാണ്. നിലവില്‍ രണ്ടാം സ്ഥാനത്ത്. 26 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികളായ ഡെംപോ ഗോവ. ഇന്നു ജയിച്ചാല്‍ ഗോകുലത്തിനു 40 പോയിന്റില്‍ എത്താം.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു പിന്നാലെ ഗോകുലം കേരള എഫ്സിയും കേരളത്തില്‍നിന്ന് ഐഎസ്എല്ലില്‍ എത്തുന്നതിനായാണ് മലയാളി ഫുട്ബോള്‍ പ്രേമികളുടെ കാത്തിരിപ്പ്.

39 പോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 36 പോയിന്റുമായി റിയല്‍ കാഷ്മീരും ഇന്റര്‍ കാശിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. അതായത് ഇന്നു ചര്‍ച്ചിലിനെ കീഴടക്കിയാല്‍ റിയല്‍ കാഷ്മീരിനും 39 പോയിന്റില്‍ എത്താം. എന്നാല്‍, നിലവില്‍ 20 ഗോള്‍ വ്യത്യാസമുള്ള ചര്‍ച്ചിലിന് റിയല്‍ കാഷ്മീരിന്റെ ജയം പ്രശ്മല്ല. ഇന്നു സമനില നേടിയാല്‍പോലും ചര്‍ച്ചില്‍ ബ്രദേഴ്സിന് ഐ ലീഗ് ചാമ്പ്യന്മാരാകാം.

ഈ പശ്ചാത്തലത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കാഷ്മീരിനോടു പരാജയപ്പെടുകയും ഗോകുലം കേരള ഡെംപോ ഗോവയെ കീഴടക്കുകയും ചെയ്താല്‍ ഗോകുലം കേരളയ്ക്ക് മൂന്നാം വട്ടം ഐ ലീഗ് ചാമ്പ്യന്മാരാകാം. അതോടെ ഐഎസ്എല്‍ 2025-26 സീസണിലേക്കുള്ള ടിക്കറ്റും ലഭിക്കും. ഈ പ്രതീക്ഷയിലാണ് ഗോകുലം ഇന്നു കളത്തില്‍ എത്തുന്നത്.

2022-23 സീസണ്‍ മുതല്‍ ഐ ലീഗ് ചാമ്പ്യന്മാര്‍ക്ക് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ പോരാട്ടവേദിയായ ഐഎസ്എല്ലിലേക്കു സ്ഥാനക്കയറ്റമുണ്ട്. 2022-23 സീസണില്‍ പഞ്ചാബ് എഫ്സിയും 2023-24 സീസണില്‍ മുഹമ്മദന്‍ എസ് സിയും ഐഎസ്എല്ലിലേക്ക് എത്തിയവരാണ്.




Next Story

RELATED STORIES

Share it