Football

യൂറോയില്‍ കൂടുതല്‍ അസിസ്റ്റ്; റെക്കോഡ് നേട്ടവുമായി ക്രിസ്റ്റിയാനോ; തുര്‍ക്കിയ്‌ക്കെതിരേ വമ്പന്‍ ജയവും

യൂറോയില്‍ കൂടുതല്‍ അസിസ്റ്റ്; റെക്കോഡ് നേട്ടവുമായി ക്രിസ്റ്റിയാനോ; തുര്‍ക്കിയ്‌ക്കെതിരേ വമ്പന്‍ ജയവും
X

ഡോര്‍ട്മുണ്ട്: യൂറോയില്‍ കൂടുതല്‍ അസിസ്റ്റ് എന്ന റെക്കോഡ് പോര്‍ച്ചുഗല്‍ കപ്പിത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. കഴിഞ്ഞ ദിവസം യൂറോ കപ്പില്‍ തുര്‍ക്കിക്കെതിരേ നടന്ന മല്‍സരത്തിലെ മൂന്നാമത്തെ ഗോളിന് അസിസ്റ്റ് ഒരുക്കിയാണ് അല്‍നസര്‍ താരം റെക്കോഡ് സ്വന്തമാക്കിയത്. യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റുകളുടെ എണ്ണം ഏഴായി. റെക്കൊഡിനൊപ്പം പോര്‍ച്ചുഗല്‍ വന്‍ ജയവും നേടി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.

മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വ (21ാം മിനിറ്റ്), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍നാന്‍ഡസ് (55) എന്നിവരാണു പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. തുര്‍ക്കിയുടെ സമേത് അക്യാദിന്റെ സെല്‍ഫ് ഗോള്‍കൂടി (28) ചേര്‍ന്നതോടെ പോര്‍ച്ചുഗലിന്റെ ഗോള്‍നേട്ടം മൂന്നായി. ഇതോടെ എഫ് ഗ്രൂപ്പില്‍ 6 പോയിന്റുമായി പോര്‍ച്ചുഗല്‍ നോക്കൗട്ട് ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ 2-1ന് പോര്‍ച്ചുഗല്‍ തോല്‍പിച്ചിരുന്നു.

പ്രതിരോധനിരയെ കടന്നെത്തിയ ബോള്‍ നിയന്ത്രിച്ച ക്രിസ്റ്റ്യാനോ ഗോളി മാത്രം നില്‍ക്കെ സ്‌കോര്‍ ചെയ്യാന്‍ അവസരമുണ്ടായിട്ടും പന്ത് ബ്രൂണോയ്ക്കു മറിച്ചു നല്‍കി. അനായാസ ഫിനിഷിങ്ങിലൂടെ ബ്രൂണോ പോര്‍ച്ചുഗലിന്റെ മൂന്നാം ഗോള്‍ നേടി. ചെക്ക് റിപ്പബ്ലിക്കിന്റെ കരേല്‍ പൊബോസ്‌കിയുടെ (6) റെക്കോര്‍ഡ് റൊണാള്‍ഡോ മറികടക്കുകയും ചെയ്തു. യൂറോ കപ്പിലെ ടോപ് സ്‌കോറര്‍ (14 ഗോള്‍), കൂടുതല്‍ മത്സരങ്ങള്‍ (27) എന്നീ റെക്കോര്‍ഡുകള്‍ നേരത്തേ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം സ്വന്തം പേരിലാക്കിയിരുന്നു.

മത്സരത്തിന്റെ 21ാം മിനിറ്റിലാണ് പോര്‍ച്ചുഗല്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിഎസ്ജി താരമായ നുനോ മെന്‍ഡസ് തുര്‍ക്കി ബോക്‌സിലേക്കു നല്‍കിയ പന്ത് പ്രതിരോധ താരങ്ങള്‍ക്കരികിലൂടെ ബെര്‍ണാഡോ സില്‍വയ്ക്കു ലഭിച്ചു. സ്വീപ് ഷോട്ടിലൂടെ സില്‍വ പന്ത് വലയിലെത്തിച്ചു. തുര്‍ക്കി ഡിഫന്‍ഡര്‍ സമേത് അക്യാദി ഗോള്‍കീപ്പര്‍ അല്‍ടെ ബെയിദിറിനു നല്‍കിയ ബാക്ക് പാസ് അബദ്ധത്തില്‍ ഗോള്‍ വര കടന്നതാണു സെല്‍ഫ് ഗോളായത്. പോര്‍ച്ചുഗലിന് സൗജന്യമായി രണ്ടാം ഗോള്‍. പിന്നീട് തുര്‍ക്കിക്ക് ഒരു തിരിച്ചുവരവിന് സാധ്യമായില്ല.





Next Story

RELATED STORIES

Share it