Others

സോഫ്റ്റ് ബേസ് ബോള്‍ ഏഷ്യന്‍ ഗെയിംസ്: താരങ്ങള്‍ നേപ്പാളിലേക്ക് പുറപ്പെട്ടു

സോഫ്റ്റ് ബേസ് ബോള്‍ ഏഷ്യന്‍ ഗെയിംസ്: താരങ്ങള്‍ നേപ്പാളിലേക്ക് പുറപ്പെട്ടു
X

താനൂര്‍: നേപ്പാളില്‍ നടക്കുന്ന പ്രഥമ സോഫ്റ്റ് ബേസ് ബോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ താനൂരില്‍നിന്നുള്ള 11 അംഗ സംഘം നേപ്പാളിലേക്ക് പുറപ്പെട്ടു. താരങ്ങള്‍ക്ക് താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ താനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. നഗരസഭ ചെയര്‍മാന്‍ പിപി ഷംസുദ്ദീന്‍ റെയില്‍വെ സ്‌റ്റേഷനിലെത്തി താരങ്ങളെ യാത്രയാക്കി. വൈസ് ചെയര്‍ പേഴ്‌സന്‍ സികെ സുബൈദ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി കെ എം ബഷീര്‍, കെ പി സി അലി അക്ബര്‍, ജെസ്‌ന ബാനു, കെ ജയപ്രകാശ്, കൗണ്‍സിലര്‍മാരായ എ കെ സുബൈര്‍, റഷീദ് മോര്യ, എം കെ ഫൈസല്‍, ദേവകി എന്നിവരും സ്‌റ്റേഷനിലെത്തിയിരുന്നു. മോര്യയില്‍നിന്നും കുന്നുംപുറത്തുനിന്നുമാണ് താരങ്ങള്‍ നേപ്പാളിലേക്ക് പോവുന്നത്.

22 മുതല്‍ 25 വരെ നേപ്പാളിലെ പൊഖാറയിലാണ് മല്‍സരം. ഏഷ്യന്‍ സോഫ്റ്റ് ബേസ് ബോള്‍ ഫെഡറേഷന്‍ കൗണ്‍സിലിന്റെ കീഴിലാണ് മല്‍സരം. സീനിയര്‍ വിഭാഗത്തില്‍ കെ സയന, കെ അനഘ, ഇ കെ ജിതിന്‍, ജൂനിയര്‍ വിഭാഗത്തില്‍ ഇ എം അമൃത, കെ ആദിത്യ, പി അനഘ, അണ്ടര്‍ 19 യൂത്ത് വിഭാഗത്തില്‍ കെ മുഹമ്മദ് യാസിര്‍, എം സഹീദ്, എം സാന്ദ്ര, എം ആര്യ, എ പി ഹൃതിക ശ്യാം എന്നിവരാണ് ഗെയിംസില്‍ പങ്കെടുക്കാനായി നേപ്പാളിലേക്ക് പുറപ്പെട്ടത്.

രാജസ്ഥാനിലെ ബിക്കാനീരില്‍ ഈ മാസം 9 മുതല്‍ 11 വരെ നടന്ന സീനിയര്‍ വനിതാ ഫെഡറേഷന്‍ കപ്പ് സോഫ്റ്റ്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സപ്പായ കേരള ടീമില്‍ മോര്യയിലെ എ പി ഹൃതിക ശ്യാം, എം സാന്ദ്ര, എം ആര്യ എന്നിവരും വെള്ളിയാംപുറം സ്വദേശി ടി കെ ശ്രീലക്ഷ്മിയും അംഗങ്ങളായിരുന്നു. ഫെഡറേഷന്‍ കപ്പില്‍ 18 അംഗ കേരള ടീമില്‍ മലപ്പുറം ജില്ലയില്‍നിന്ന് ആകെ 4 പേരാണുണ്ടായിരുന്നത്.

നിരവധി തവണ സോഫ്റ്റ് ബോളിലും, ബേസ് ബോളിലും ദേശീയ സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന സോഫ്റ്റ് ബോള്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടുതാരങ്ങള്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിരുന്നു. സോഫ്റ്റ്‌ബോളിന്റെയും ബേസ് ബോളിന്റെയും മിക്‌സഡ് രൂപമാണ് പുതിയ കായിക ഇനമായ സോഫ്റ്റ് ബേസ്‌ബോള്‍. കേരള ടീമിന്റെ പരിശീലകനും കുന്നുംപുറം സ്വദേശിയുമായ അസി. പ്രഫ. കെ ഹംസ മാഷിന്റെ നേതൃത്വത്തിലുള്ള കുന്നുംപുറം സോഫ്റ്റ്‌ബോള്‍ അക്കാദമിയിലെ പ്രതിഭകളാണ് മുഴുവന്‍ താരങ്ങളും.

Next Story

RELATED STORIES

Share it