Big stories

മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ; ആരോപണവിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഡോക്ടറെ സസ്‌പെന്റ് ചെയ്ത് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉത്തരവിട്ടത്. സംഭവത്തില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ നടപടി.

മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ; ആരോപണവിധേയനായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
X

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഏഴ് വയസുകാരന്റെ മൂക്കിന് പകരം വയര്‍ കീറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഡോക്ടറെ സസ്‌പെന്റ് ചെയ്തു. ഡോക്ടറെ സസ്‌പെന്റ് ചെയ്ത് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഉത്തരവിട്ടത്. സംഭവത്തില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ നടപടി. ഗുരുതരമായ വീഴ്ചയെക്കുറിച്ച് വിശദമായി പരിശോധിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിഎംഒയുടെ നിര്‍ദേശം.

ചികില്‍സാ പിഴവ് വരുത്തിയവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ബന്ധപ്പെട്ട ഡോക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കിയത്. ചികില്‍സാ പിഴവില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് ആശുപത്രി മാനേജ്‌മെന്റ് യോഗം ചേരും. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴുവയസുകാരനാണ് മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയത്. രോഗികളെ പരസ്പരം മാറി പോയതാണ് അബദ്ധത്തിലേക്ക് നയിച്ചതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.

വയറില്‍ ശസ്ത്രക്രിയ ചെയ്യാനെത്തിയ മറ്റൊരു രോഗിയുടെ പേരുമായി ഏഴ് വയസുകാരന്റെ പേരിന് സാമ്യം വന്നതാണ് തെറ്റുപറ്റാന്‍ കാരണമെന്ന വാദമാണ് ആശുപത്രി അധികൃതര്‍ ഉയര്‍ത്തുന്നത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഡാനിഷിനാണ് മൂക്കിലെ ദശയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഉദരസംബന്ധമായ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്ന ധനുഷുമായി പേരുമാറി കുട്ടിയുടെ വയര്‍ കീറി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. മുറിയിലേക്ക് മാറ്റിയപ്പോള്‍ മാതാപിതാക്കളാണ് കുട്ടിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ചെയ്തതെന്ന് കണ്ടെത്തിയത്. ശേഷം വീണ്ടും മൂക്കില്‍ ശസ്ത്രക്രിയ ചെയ്തു. തുടര്‍ന്ന് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it